
കേസിൽ തുമ്പുണ്ടോ എന്ന് തിരക്കി 21-ാം വർഷവും രാമകൃഷ്ണൻ പോലീസിന് മുമ്പിലെത്തി; ഒടുവിൽ പതിവ് മടക്കം; അന്ന് മോഷണം പോയത് 45 പവൻ.
സ്വന്തം ലേഖകൻ
തളിപ്പറമ്പ് : 2002-ല്‍ വീട് കുത്തിത്തുറന്ന് 45 പവൻ ആഭരണങ്ങളുമായി മോഷ്ടാവ് കടന്നുകളഞ്ഞ കേസില്‍ തുമ്പുണ്ടായോ എന്നറിയാൻ കൂവോട്ടെ വള്ളിയോട്ട് രാമകൃഷ്ണൻ 21-ാം വര്‍ഷവും പോലീസിനു മുന്നിലെത്തി.
2002 സെപ്റ്റംബര്‍ ഒന്നിന് രാത്രിയായിരുന്നു വീട്ടില്‍ കള്ളനെത്തിയത്.
നാവികസേനയില്‍ 17 വര്‍ഷവും പിന്നീട് വിദേശത്തും ജോലിചെയ്തുണ്ടാക്കിയ സമ്പാദ്യമല്ലാം മോഷണം പോയി. രാമകൃഷ്ണനും കുടുംബവും ബെംഗളൂരുവില്‍ യാത്രപോയ ദിവസമായിരുന്നു മോഷ്ടാവെത്തിയത്. സാമ്പത്തിക നഷ്ടത്തില്‍ തളര്‍ന്നുപോയ രാമകൃഷ്ണനെ പലരും ചേര്‍ന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തമ്പും കിട്ടിയില്ല.സ്വരുക്കൂട്ടിയതെല്ലാം തകര്‍ന്ന ദുഃഖത്തിനിടെ മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കി. എന്നിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല.മോഷണമുതലിനായി രാമകൃഷ്ണൻ ഇപ്പോഴും കാത്തിരിക്കുകയാണ്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ രണ്ടിന് പോലീസിനു മുന്നിലെത്തും.
കേസ് സംബന്ധിച്ച പരാതികള്‍ നല്‍കും. ഇത്തവണയും അതാവര്‍ത്തിച്ചു.ശനിയാഴ്ച രാവിലെ തളിപ്പറമ്പ് ഡിവൈ.എസ്.പി. എം.പി.വിനോദിനാണ് പരാതി നല്‍കിയത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ ക്രൈംനമ്പര്‍ 592/2002 കേസില്‍ ഇതുവരെ ഒരുതുമ്പും ഉണ്ടായില്ലെന്നും, വേണ്ടത് ചെയ്തുതരാൻ അപേക്ഷിക്കുന്നുവെന്നും പറഞ്ഞ് പതിവ് മടക്കം.