താനൂര്‍ ബോട്ടപകടം; ജസ്റ്റിസ് വി കെ മോഹനന്‍ അന്വേഷിക്കും; ബോട്ടുകള്‍ പരിശോധിക്കാന്‍ സ്പെഷ്യല്‍ സ്ക്വാഡ്; തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാൻ തീരുമാനം
സ്വന്തം ലേഖിക
മലപ്പുറം: താനൂര്‍ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍.
ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്.
സംസ്ഥാനത്തെ മുഴുവന്‍ യാനങ്ങളിലും സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താന്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോട്ടുകളില്‍ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി.
അതേസമയം, സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ച ബോദ്ധ്യപ്പെട്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.
ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിയെന്ന് പ്രാഥമികമായി ബോദ്ധ്യപ്പെട്ടെന്ന് സ്ഥലം സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ എസ്പി, ചീഫ് പോര്‍ട്ട് സര്‍വേയര്‍ എന്നിവരില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.