താത്കാലിക രജിസ്‌ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക്  27 ന് ശേഷം സ്ഥിരം രജിസ്‌ട്രേഷൻ നൽകില്ല : മോട്ടർ വാഹന വകുപ്പ്

താത്കാലിക രജിസ്‌ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27 ന് ശേഷം സ്ഥിരം രജിസ്‌ട്രേഷൻ നൽകില്ല : മോട്ടർ വാഹന വകുപ്പ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം : പഴയ താത്കാലിക രജിസ്ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27-നു ശേഷം സ്ഥിരം രജിസ്‌ട്രേഷൻ നൽകില്ലെന്ന് മോട്ടോർവാഹന വകുപ്പ്. പഴയ സോഫ്‌റ്റ്വേർ സംവിധാനമായ സ്മാർട്ട് മൂവിൽ താത്കാലിക രജിസ്‌ട്രേഷനെടുത്ത അഞ്ഞൂറോളം പുതിയ വാഹനങ്ങൾ ഇതുവരെ സ്ഥിര രജിസ്‌ട്രേഷൻ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല.

ഏപ്രിൽ ഒന്നുമുതൽ സ്മാർട്ട് മൂവിന് പകരം ‘വാഹൻ’ എന്ന കേന്ദ്രീകൃത ശൃംഖലയിലാണ് പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. നേരത്തേ താത്കാലിക രജിസ്‌ട്രേഷൻ നൽകിയിട്ടുള്ള വാഹനങ്ങൾക്ക് സ്ഥിരം രജിസ്‌ട്രേഷൻ അനുവദിക്കാൻ അഞ്ചുമാസത്തോളം സ്മാർട്ട് മൂവ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ താത്കാലിക പെർമിറ്റിലുള്ള ഒട്ടേറെ വാഹനങ്ങൾ രജിസ്‌ട്രേഷൻ നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു തയ്യാറാവാത്ത വാഹനങ്ങൾ 27-നകം ഓഫീസുകളിൽ ഹാജരാക്കി സ്ഥിര രജിസ്‌ട്രേഷൻ നേടണം. ഇല്ലെങ്കിൽ പിന്നീട് സ്ഥിര രജിസ്‌ട്രേഷൻ കിട്ടില്ല. വാഹനത്തിന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭിക്കില്ലെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

സംസ്ഥാനത്ത് സ്മാർട്ട് മൂവിൽ 1.30 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ രേഖകൾ കേന്ദ്രീകൃത ശൃംഖലയായ വാഹനിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി. സോഫ്‌റ്റ്വേറുകൾ വ്യത്യസ്തമാണ്. വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ക്രമീകരണങ്ങളിലും വ്യത്യാസമുണ്ട്. സാങ്കേതികത്തകരാർ ഒഴിവാക്കി ഇത് സന്നിവേശിപ്പിക്കാനുള്ള ശ്രമം വിജയിച്ചതായി അധികൃതർ പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിൽ 500 വാഹനങ്ങളുടെ വിവരങ്ങൾ വാഹനിലേക്കു മാറ്റി. ശേഷിക്കുന്നവയും ഉടൻ മാറ്റും. ഓൺലൈനിൽ അപേക്ഷ നൽകിയാലും നേരിട്ടെത്തി അപേക്ഷയുടെ പകർപ്പ് നൽകേണ്ട അവസ്ഥ ഇപ്പോഴുണ്ട്. വാഹൻ സോഫ്‌റ്റ്വേറിൽ ഇതിന്റെ ആവശ്യമില്ല. പൂർണമായും ഓൺലൈനാണ്.

വിൽക്കുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ വാഹനയുടമയ്ക്കുതന്നെ അപേക്ഷ നൽകാം. പഴയ വിവരങ്ങൾകൂടി വാഹനിലേക്ക് എത്തിയാൽ എല്ലാ വാഹന ഉടമകൾക്കും ഈ സേവനം ലഭിക്കും. സ്മാർട്ട് മൂവിൽ വാഹനം വാങ്ങുന്നയാളാണ് അപേക്ഷ നൽകേണ്ടത്.

ഇതിൽ വീഴ്ചവരുത്തിയാൽ ആദ്യ ഉടമയുടെ പേരിൽ ഉടമസ്ഥാവകാശം നിലനിൽക്കും. വാഹനം കേസിൽപ്പെട്ടാൽ രജിസ്‌ട്രേഡ് ഉടമ ഉത്തരവാദിത്വം വഹിക്കേണ്ടിവരും. ഇത്തരത്തിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ട്.

Tags :