
താഴത്തങ്ങാടി കൊലപാതകം: പ്രതി ബിലാലിന്റെ മാനസിക നിലപരിശോധിച്ച ഡോക്ടറെ വിസ്തരിക്കും; മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസി.പ്രഫസറെ വിസ്തരിക്കുക ഡിസംബര്‍ എട്ടിന്
തേര്‍ഡ് ഐ ബ്യൂറോ
കോട്ടയം: താഴത്തങ്ങാടിയില്‍ ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബിലാലിന്റെ മാനസിക നില പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കുന്നു. കോട്ടയം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ബിലാലിന്റെ മാനസിക നില പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡോക്ടറെ വിസ്തരിക്കുന്നത്. ഡിസംബര്‍ എട്ടിനു രാവിലെ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിലാലിനെ പരിശോധിച്ച ഡോക്ടര്‍ക്കു കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് താഴത്തങ്ങാടിയില്‍ മുഹമ്മദ് സാലിയെയും (67) ഭാര്യ ഷീബയെയും (60) ഇവരുടെ അയല്‍വാസിയായിരുന്ന വേളൂര്‍ മാലിയില്‍പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ബിലാലിനെ (23) പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസാണ് മുഹമ്മദ് ബിലാലിനെതിരെ കേസെടുത്ത ശേഷം ഇയാളെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തത്. ഇതിനു പിന്നാലെ പൊലീസ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ പൊലീസ് തന്നെ ബിലാലിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം ബിലാലിന്റെ മാനസികനില പരിശോധിക്കുകയായിരുന്നു. തുടര്‍ന്നു, വൈദ്യ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
അപ്രതീക്ഷിത സംഭവങ്ങളില്‍ പെട്ടന്നു പ്രതികരിക്കാനാവാത്ത മാനസിക നിലയാണ് ബിലാലിനെന്നായിരുന്നു മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.വിവേക് മാത്യു വര്‍ക്കി കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്നാണ്, ബിലാലിന്റെ മാനസിക നില പരിശോധിക്കണമെന്നും ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി തീരുമാനിച്ചത്. തുടര്‍ന്നാണ്, ബിലാലിന്റെ മാനസിക നില പരിശോധിച്ച ഡോക്ടറോടു കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്.
ബിലാലിനു വിചാരണ നേരിടാനുള്ള മാനസിക ശേഷിയുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വിചാരണ നേരിടാന്‍ മാനസിക ശേഷിയില്ലെന്നു കണ്ടെത്തിയാല്‍ ബിലാലിന്റെ വിചാരണ നടപടികള്‍ മാറ്റി വയ്ക്കും. ഇയാളെ ചികിത്സയ്ക്ക് അയക്കും. ഈ ചികിത്സാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാവും വിചാരണ ആരംഭിക്കുക.