
താഴത്തങ്ങാടി കൊലപാതകം: പ്രതി ബിലാലിൻ്റെ തെളിവെടുപ്പ് പൂർത്തിയായി; പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും
സ്വന്തം ലേഖകൻ
കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ അതിക്രൂരമായി ആക്രമിച്ചു ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ബിലാലിൻ്റെ തെളിവെടുപ്പ് പൂർത്തിയായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് താഴത്തങ്ങാടി ഷീനാ മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ അതിക്രൂരമായി ആക്രമിച്ച് ഭാര്യ ഷീബയെ കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി താഴത്തങ്ങാടി വേളൂർ പാറപ്പാടം മാലിയിൽ പറമ്പിൽ മുഹമ്മദ് ബിലാലിനെ (23) മൂന്നു ദിവസത്തേയ്ക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടിയിരുന്നു. ഈ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുന്നത്. കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് പ്രതിയെ ഹാജരാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദമ്പതിമാരെ ആക്രമിച്ച് മോഷണം നടത്തിയത് അസാമിലെ കാമുകിയുടെ അടുത്തെത്താനെന്നു പ്രതി ബിലാൽ പൊലീസിനു മൊഴി നൽകിയിരുന്നു. രണ്ടു ദിവസം കസ്റ്റഡിയിൽ വച്ചു പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അസാമിൽ കാമുകിയുണ്ടെന്നും ഇവരുടെ അടുത്ത് എത്താനായാണ് കൊലപാതകം നടത്തിയതെന്നും പ്രതി വ്യക്തമാക്കിയത്.
മുൻപ് എറണാകുളത്ത് ഹോട്ടലിൽ ജോലി ചെയ്യുമ്പോഴാണ് അസം സ്വദേശിയായ പെൺകുട്ടിയുമായി ബിലാൽ അടുക്കുന്നത്. തുടർന്നു, ഇവർ നാട്ടിലേയ്ക്കു മടങ്ങിയെങ്കിലും വാട്സ്അപ്പിലും ഫോണിലുമായി ഇവർ ബന്ധം തുടർന്നിരുന്നു. വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടായതിനെ തുടർന്നാണ് ബിലാൽ അസമിലേയ്ക്കു നാടുവിടാൻ തീരുമാനിച്ചത്. മുൻപും പല തവണ ഇയാൾ ആസാമിൽ എത്തി കാമുകിയെ സന്ദർശിച്ചിരുന്നു.
ഞായറാഴ്ച പ്രതിയെയുമായി ആലപ്പുഴയിലെ ലോഡ്ജിലും ചെങ്ങളത്തെ പെട്രോൾ പമ്പിലും തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ ശേഷം പ്രതി ആലപ്പുഴയിലെ ലോഡ്ജിലേയ്ക്കാണ് എത്തിയത്. ഇവിടെ അരമണിക്കൂറോളം ഇയാൾ ചിലവഴിച്ചു. ഇവിടെ നിന്നു കെ.എസ്.ആർ.ടി.സി ബസുകൾ മാറിക്കയറിയാണ് ഇയാൾ എറണാകുളത്ത് എത്തിയത്. തുടർന്നു പ്രതി ഇവിടെ ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്നു.