
“നാണംകെട്ട കീഴടങ്ങൽ”, താലിബാനുമായി ഇന്ത്യ നടത്തിയ ചർച്ചയെ രൂക്ഷമായി വിമർശിച്ച് ശിവസേന
സ്വന്തം ലേഖകൻ
ന്യൂഡൽഹി: താലിബാൻ നേതാവുമായി ഇന്ത്യൻ അംബാസഡർ നടത്തിയ ചർച്ചയെ രൂക്ഷമായി വിമർശിച്ച് ശിവസേന.”നാണംകെട്ട കീഴടങ്ങൽ’ എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്. നിലവിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ താലിബാനെ വിമർശിച്ചതിനു പിന്നാലെ അതേ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയതാണ് ശിവസേനയെ ചൊടുപ്പിച്ചത്.
“ഈ ക്രമം നോക്കുക, അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായി ചർച്ച നടത്തുന്നു- ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ അഫ്ഗാനിസ്ഥാനിലെ ഭീകരപ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രസ്താവനയിൽ താലിബാനെ പരാമർശിക്കുന്നു- ഖത്തറിലെ ഇന്ത്യൻ അംബാസഡർ താലിബാൻ പ്രതിനിധിയുമായി ഇന്ത്യക്കാരുടെ സുരക്ഷിതമായ മടങ്ങിവരവിനെക്കുറിച്ച് ചർച്ച നടത്തുന്നു’-പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായുമായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തലാണ് ചർച്ച നടത്തിയത്. ദോഹയിലെ താലിബാൻ രാഷ്ട്രീയകാര്യ ഓഫീസ് തലവനാണു ഷേർ മുഹമ്മദ് അബ്ബാസ്.
താലിബാൻറെ അഭ്യർഥനപ്രകാരമായിരുന്നു ചർച്ചയെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. അഫ്ഗാൻ മണ്ണ് ഇന്ത്യാവിരുദ്ധ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ചർച്ചയിൽ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം, സുരക്ഷ, ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാരുടെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ യാത്ര എന്നിവ ചർച്ചാവിഷയമായി. ഈ വിഷയങ്ങളിൽ ക്രിയാത്മക നടപടികൾ കൈക്കൊള്ളാമെന്നു താലിബാൻ നേതാവ് ദീപക് മിത്തലിന് ഉറപ്പുനല്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.