താജ്മഹലിൽ പൂജ നടത്തും : ശിവസേന ; ശക്തമായ സുരക്ഷയൊരുക്കി സർക്കാർ

താജ്മഹലിൽ പൂജ നടത്തും : ശിവസേന ; ശക്തമായ സുരക്ഷയൊരുക്കി സർക്കാർ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകാത്ഭുതങ്ങളിൽ ഒന്നായ ഇന്ത്യയുടെ താജ്മഹലിൽ പൂജ നടത്തുമെന്ന് ശിവസേനയുടെ പ്രഖ്യാപനം. ഇതിനെ തുടർന്ന് താജ്മഹലിന് വൻ സുരക്ഷ ഒരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ആർക്കിയോളജിക്കൽ സർവേ ഒഫ് ( എ.എസ്.ഐ) ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്നാണിത്. സാവൻ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും തങ്ങൾ താജ്മഹലിൽ ആരതി പൂജ നടത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. എന്നാൽ പുരാതന സ്മാരകങ്ങളിലോ, പുരാവസ്തുവകകളിലോ ഏതൊരു തരത്തിലുമുള്ള മതപരമായ ആചാരങ്ങൾ നിർവഹിക്കാൻ കഴിയില്ലെന്നാണ് എ.എസ്.ഐ പറയുന്നത്. 1958ലെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ആക്ടിനെതിരാണ് ഇത്തരത്തിലുള്ള പ്രവർത്തികളെന്നും, ജില്ലാ ഭരണകൂടത്തിന് നൽകിയ കത്തിൽ എ.എസ്.ഐ വ്യക്തമാക്കുന്നു.

ആഗ്രയിലെ ശിവസേന നേതാവായ വീനു ലവാനിയയാണ് താജ് മഹൽ വിഷയത്തിൽ ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും വെല്ലുവിളിച്ചത്. താജ് മഹൽ ഒരു ശവകുടീരമല്ല. ശിവക്ഷേത്രമായ തേജോമഹൽ ആണത്. തേജോമഹലിൽ ഞങ്ങൾ എല്ലാ തിങ്കളാഴ്ചയും ആരതി പൂജ നടത്തും. ധൈര്യമുണ്ടെങ്കിൽ തടയാം’- ഇതായിരുന്നു ശിവസേന നേതാവിന്റെ വെല്ലുവിളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം,നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ.പി സിംഗ് പറഞ്ഞു. ഭീഷണികൾ തടയുന്നതിനാവശ്യമായ മുൻകരുതലുകൾ കൈകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെയും താജ്മഹലിൽ പൂജ നടത്തുന്നതിനായി ശിവസേന ശ്രമം നടത്തിയിട്ടുണ്ട്. 2008ൽ ഒരു കൂട്ടം പ്രവർത്തകർ താജ്മഹലിനകത്ത് പരിക്രമണ പൂജയ്ക്ക് ശ്രമിച്ചത് സംഘർഷത്തിലേക്കും തുടർന്ന് അറസ്റ്റിലും വഴിവച്ചിരുന്നു. ശിവ ക്ഷേത്രമായിരുന്ന തേജോമഹലിനെ തകർത്തുകൊണ്ടാണ് പതിനേഴാം നൂറ്റാണ്ടിൽ ഷാജഹാൻ താജ്മഹൽ പണിതതെന്നാണ് ശിവസേന വാദിക്കുന്നത്.