
പാകിസ്ഥാൻകാരൻ തൈമൂർ താരിഖിന്റെ ഭാര്യയും കുഞ്ഞും കോട്ടയത്തുണ്ട്: ഇവരെ കാണാൻ ഇന്നു വരാനിരുന്നതാണ് : ഇതിനിടെ ഇന്ത്യാ-പാകിസ്ഥാൻ ബന്ധം വഷളായി: തൈമൂർഇനിയും കാത്തിരിക്കണം.
കോട്ടയം: ഇന്ത്യയും പാകിസ്താനും നയതന്ത്രബന്ധങ്ങള്‍ക്ക് പരസ്പരം തടയിടുമ്പോള്‍, പ്രിയതമയുടെ നാടായ കേരളത്തിലേക്ക് ഉടനെ വരാൻ തൈമൂർ താരിഖിന് കഴിയില്ല.
നാട്ടില്‍ വന്ന് മകള്‍ മിൻഹയെ കാണണമെന്ന മോഹവും സഫലമാകില്ല. കോട്ടയത്ത് ഞാലിയാകുഴിയില്‍ ‘താരിഖ് മൻസില്‍’ എന്ന വീട്ടിലേക്ക് ഇനി എന്ന് വരാനാകുമെന്നും തൈമൂറിന് അറിയില്ല.
കേരളത്തിന്റെ മരുമകനായിമാറി, ഈ നാടിനെ ഏറെ ഇഷ്ടപ്പെട്ട തൈമൂർ താരിഖ് പാകിസ്താൻ പൗരനാണ്. തൈമൂറിന്റെ ജീവിതസഖി കോട്ടയം ഞാലിയാകുഴി സ്വദേശിനി ശ്രീജ. മകളെ കാണാനും ഭാര്യാസഹോദരന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനും ഈയാഴ്ച അവസാനം ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നുതൈമൂർ. അപ്പോഴാണ് ഇന്ത്യ-പാകിസ്താൻ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്.
”25-ന് പുറപ്പെടാനിരുന്നതാണ്. 29-ന് മോള്‍ക്ക് ആറുമാസം തികയും. സഹോദരൻ വിഷ്ണുവിന്റെ വിവാഹം മേയ് 11-നാണ്. അതില്‍ പങ്കെടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ വലിയ സങ്കടത്തിലാണ്. താരിഖിന് ഇനി എന്ന് വരാൻ കഴിയുമെന്ന് അറിയില്ല” -ഞാലിയാകുഴിയിലെ വീട്ടില്‍ ശ്രീജ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴുവർഷംമുൻപാണ് ശ്രീജ, പാകിസ്താനിലെ മുള്‍ട്ടാൻ സ്വദേശിയായ തൈമൂർ താരിഖിന്റെ ജീവിതസഖിയായത്. മതവും രാജ്യങ്ങള്‍ തമ്മിലുള്ള തർക്കങ്ങളുമൊന്നും ശ്രീജയുടെയും തൈമൂറിന്റെയും പ്രണയത്തിന് അതിർത്തി കെട്ടിയില്ല. കൈതേപ്പാലം ഇളംപുരയിടത്തില്‍ വേണുഗോപാലിന്റെയും ശാന്തമ്മയുടെയും മകള്‍ ശ്രീജ (37), 2010ല്‍ നഴ്സായി ഷാർജ മെഡിക്കല്‍ സെന്ററിലെത്തിയപ്പോഴാണ് തൈമൂറിനെ പരിചയപ്പെടുന്നത്. അവിടെ ചികിത്സയ്ക്കെത്തിയതായിരുന്നു തൈമൂർ. ആ പരിചയം പ്രണയമായി.
2018 ഏപ്രില്‍ 16-ന് അജ്മാനിലായിരുന്നു വിവാഹം. അന്നുമുതല്‍ താരിഖ് ശ്രീജയുടെ ‘മുന്ന’ ആണ്. അജ്മാനിലാണ് ഇരുവരും താമസിച്ചിരുന്നത്. ഷാർജയില്‍ തടിയുത്പന്നങ്ങളുടെ ബിസിനസ് നടത്തുകയാണ് 37-കാരനായ തൈമൂർ. ഞാലിയാകുഴിയില്‍ അവർ വാങ്ങിയ വീടിന് ‘താരിഖ് മൻസില്‍’ എന്ന് പേരുമിട്ടു. അങ്ങനെ, പാകിസ്താൻകാരനായ തൈമൂർ, പാതി മലയാളിയായി.
ഗർഭിണിയായതോടെ ശ്രീജ നഴ്സിങ് ജോലി ഉപേക്ഷിച്ച് 2024 ഏപ്രിലിലാണ് നാട്ടിലെത്തിയത്. ഒക്ടോബറില്‍ മകള്‍ മിൻഹ പിറന്നു. രണ്ടുതവണ തൈമൂർ ഞാലിയാകുഴിയിലെ വീട്ടില്‍ വന്നിട്ടുണ്ട്. 2024 ജനുവരിയിലും ഓഗസ്റ്റിലും.
ഓഗസ്റ്റ് 21-നാണ് ഷാർജയിലേക്ക് മടങ്ങിയത്. ശ്രീജ പാകിസ്താനില്‍ പോയിട്ടില്ല. തൈമൂറിന് മലയാളസിനിമയും കേരളത്തിലെ പൊറോട്ടയും സാമ്പാറുമൊക്കെ ഇഷ്ടമാണ്.
”മോളെ കണ്ടതൊക്കെ വീഡിയോകോളിലൂടെയാണ്. ഇനി ഞാൻ അജ്മാനിലെത്തുമ്പോഴേ തൈമൂറിന് മോളെ നേരിട്ട് കാണാനാകൂ” -ശ്രീജ പറഞ്ഞു. രണ്ടുമാസം കഴിഞ്ഞാല്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് ശ്രീജ.