
തൃശ്ശൂർ: സഹോദരിയുടെ അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ ഒഡിഷ സ്വദേശി ജിതു മുണ്ടയ്ക്ക് സഹായവുമായി തൃശൂരിലെ തടാഗം ഫൗണ്ടേഷൻ.
വടക്കേക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ജിതുവിന് ഒരു ലക്ഷം രൂപ നല്‍കുമെന്ന് ചെയർമാൻ എം.വി. കുഞ്ഞുമുഹമ്മദ് ഹാജി അറിയിച്ചു. മനുഷ്യത്വപരമായ പരിഗണന മുൻനിർത്തിയാണ് ഈ സഹായമെന്ന് അദ്ദേഹം പറഞ്ഞു.
ഒഡിഷ കിയോഞ്ജർ സ്വദേശിയായ ജിതു മുണ്ട, രണ്ടു മാസം മുൻപ് മരിച്ച സഹോദരി കാക്ര മുണ്ടയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിൻവലിക്കാനാണ് ബാങ്കിലെത്തിയത്. എന്നാല്‍ അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്നോ അല്ലെങ്കില്‍ അവകാശരേഖകള്‍ ഹാജരാക്കണമെന്നോ ബാങ്ക് അധികൃതർ നിർബന്ധം പിടിച്ചു. ഗോത്രവിഭാഗത്തില്‍പ്പെട്ട ജിതുവിന്റെ കൈവശം രേഖകളൊന്നും ഉണ്ടായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റുവഴികളില്ലാതെ വന്നതോടെയാണ് ജിതു സഹോദരിയുടെ അസ്ഥികൂടം തുണിയില്‍ പൊതിഞ്ഞ് മൂന്ന് കിലോമീറ്ററോളം ചുമന്ന് ബാങ്കിലെത്തിയത്. ഈ ദയനീയ ദൃശ്യം വലിയ വാർത്തയാവുകയും ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഒടുവില്‍ പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഈ നിസ്സഹായവസ്ഥ മനസ്സിലാക്കിയാണ് കേരളത്തില്‍ നിന്നുള്ള സന്നദ്ധ സംഘടന സഹായവുമായി മുന്നോട്ടുവന്നത്.







