സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിൽ നിന്നും എൻ.ഐ.എ കണ്ടെടുത്തത് 2000 ജി.ബി. ഡിജിറ്റൽ വിവരങ്ങൾ ; മന്ത്രിപുത്രനുമായുള്ള ആശയവിനിമയം വരെ ഇതിലുണ്ടെന്ന് റിപ്പോർട്ടുകൾ : സ്വപ്‌ന നൽകിയ മൊഴികളിൽ പലതും വ്യാജമാണെന്നും അന്വേഷണ സംഘം

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സന്ദീപ് നായർ, സ്വപ്‌ന സുരേഷ് എന്നിവരിൽ നിന്നും പിടികൂടിയ മൊെബെൽ ഫോണുകളിൽനിന്നും ലാപ്‌ടോപ്പുകളിൽനിന്നുമായി എൻ.ഐ.എ. കണ്ടെടുത്തത് 2000 ജി.ബി. ഡിജിറ്റൽ വിവരങ്ങൾ. ഇതിൽ ലൈഫ് ഇടപാടിൽ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള ആശയവിനിമയവും ഇതിലുണ്ടെന്ന് സൂചന.

സന്ദീപ് നായർ, സ്വപ്‌ന സുരേഷ് എന്നിവരിൽ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്ത ആറ് മൊെബെൽ ഫോണുകൾ, രണ്ട് ലാപ്‌ടോപ്പുകൾ തുടങ്ങിയവയാണ് സിഡാക്കിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയത്. സ്വപ്‌ന നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നും അവയിൽ പലതും വ്യാജമാണെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.

ഓൺലൈൻ വഴി സ്വപ്ന ആശയവിനിമയം നടത്തിയവരിൽ സംസ്ഥാനത്തെ മറ്റ് മൂന്ന് പ്രമുഖർ കൂടി ഉണ്ട്. ഇവരുടെ വിവരം സ്വപ്‌ന നേരത്തേ വെളിപ്പെടുത്തിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യാനായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേസിലെ പ്രധാന പ്രതികളായ സന്ദീപ് നായർ, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് ഷാഫി എന്നിവരെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

നാലു ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. വാട്ട്‌സ് ആപ്പ് ചാറ്റ്, ഫെയ്‌സ് ബുക്ക്, ഇമെയിൽ എന്നിവയിലേതടക്കം മുഴുവൻ രേഖകളും ഇക്കഴിഞ്ഞ ഒൻപതിന് പൂർത്തിയായ ആദ്യ പരിശോധനയിൽ വീണ്ടെടുത്തു.

സ്വപ്‌നയുമായുള്ള മന്ത്രിപുത്രന്റെ ആശയ വിനിമയത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിയെയും എൻഐഎ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.ഇതിന് പുറമെ ഇ.ഡിയും ചാദ്യം ചെയ്യാനിടയുണ്ട്.