
ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവർണർക്ക് വീറ്റോ അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതകാലം പിടിച്ചുവച്ച തമിഴ്നാട് ഗവർണർ ആർ.എൻ രവിയെ കോടതി രൂക്ഷമായി വിമർശിച്ചു.
ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും നിർദേശിച്ചു. തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സർക്കാരിന്റെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്.
ഗവർണർക്ക് വിവേചനാധികാരമില്ല. ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കരുത്. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയാണ് നിയമങ്ങള്‍ കൊണ്ടുവരുന്നത്. സഭ രണ്ടാമതും പാസാക്കിയ ബില്ലുകളില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം. ഭരണഘടനയെ മറികടക്കുന്ന ബില്ലുകള്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം 2023ലാണ് സുപ്രീം കോടതിയില്‍ എത്തിയത്. നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതായി സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞുവച്ച ആർ എൻ രവിയുടെ തീരുമാനത്തെ നേരത്തെ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. ഗവർണറുടെ അനിഷ്ടത്തിന്റെ പേരില്‍ ബില്ലുകള്‍ക്ക് അനുമതി നിഷേധിക്കാനാവില്ലെന്നും ബില്ലുകളിലെ പ്രശ്നങ്ങള്‍ കണ്ടെത്താൻ മൂന്നുവർഷമെടുത്തത് എന്തുകൊണ്ടാണെന്നും കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.



