ഒരൊറ്റ ദിവസം: 80 ഓവർ: സൂപ്പർ സൺഡേ ഞായറാഴ്ച മാത്രം പിറന്നത് 764 റൺസ്

ഒരൊറ്റ ദിവസം: 80 ഓവർ: സൂപ്പർ സൺഡേ ഞായറാഴ്ച മാത്രം പിറന്നത് 764 റൺസ്

Spread the love

തേർഡ് ഐ ബ്യൂറോ

ചെന്നൈ: ലോ സ്കോറിങ്ങ് ത്രില്ലിങ്ങ് ലീഗ് എന്ന് ആരാധകർ വിശേഷിപ്പിച്ചിരുന്ന 2021 ഐ പി എല്ലിന് ഇന്നലെ സൂപ്പർ സൺഡേ. അടിയും തിരിച്ചടിയുമായി താരങ്ങൾ കത്തിക്കയറിയ ഞായറാഴ്ച മാത്രം പിറന്നത് 764 റണ്ണാണ് ..! ആദ്യ മത്സരങ്ങളിൽ ചെറു സ്കോറുകൾ പിൻ തുടർന്നും , എറിഞ്ഞിട്ടും ത്രില്ലിങ്ങ് വിജയങ്ങൾ കണ്ട ഐപിഎല്ലിൻ്റെ ഗിയർ മാറ്റമാണ് ഇന്നലെ കണ്ടത്.

ആദ്യ മത്സരത്തിൽ ബംഗളൂരുവിൻ്റെ 204 നെതിരെ കൊൽക്കത്ത 166 ന് പോരാട്ടം അവസാനിപ്പിച്ചു. രണ്ടാം മത്സരത്തിൽ രാഹുലിൻ്റെ പഞ്ചാബിൻ്റെ 195 നെ പത്ത് പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റിന് 198 എടുത്ത് പന്തിൻ്റെ ഡൽഹി മറികടന്നു. 80 ഓവർ പൂർത്തിയാക്കാൻ പത്ത് പന്ത് മാത്രം കുറച്ചെറിഞ്ഞ മത്സരത്തിൽ പിറന്നതാവട്ടെ 764 റണ്ണും ..!

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെഞ്ച്വറിയ്ക്കകലെ വീണെങ്കിലും ശിഖര്‍ ധവാന്റെ കൂറ്റനടിയില്‍ ഐ പി എല്‍ 11ാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം. നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 195 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ പഞ്ചാബ് നേടിയെങ്കിലും 49 ബോളില്‍ 92 റണ്‍സ് നേടിയ ധവാന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ 18.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി ഡല്‍ഹി ജയിക്കുകയായിരുന്നു.

ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍മാരായ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പിലൂടെ മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. 36 ബോളില്‍ നിന്ന് 69 റണ്‍സ് അഗര്‍വാള്‍ അടിച്ചുകൂട്ടിയപ്പോള്‍ 51 ബോളില്‍ നിന്ന് 61 റണ്‍സായിരുന്നു രാഹുലിന്റെ സംഭാവന.

എന്നാല്‍ പിന്നാലെ വന്ന ക്രിസ് ഗെയിലിനും നിക്കോളാസ് പൂരനും വേണ്ടപോലെ തിളങ്ങാനായില്ല. അവസാന ഓവറുകളില്‍ ദീപക് ഹൂഡയും ഷാരൂഖ് ഖാനും തകര്‍പ്പനടി കാഴ്ചവെച്ചു. ഹൂഡ 13 ബോളില്‍ നിന്ന് 22ഉം ഷാരൂഖ് ഖാന്‍ അഞ്ച് ബോളില്‍ നിന്ന് 15ഉം റണ്‍സ് നേടി. ഗെയ്ല്‍ 11ഉം പൂരന്‍ ഒമ്ബതും റണ്‍സെടുത്തു.

ഡല്‍ഹിക്ക് വേണ്ടി ക്രിസ് വോക്‌സ്, ലുക്മാന്‍ മെരിവാല, കഗിസോ റബഡ, ആവേശ് ഖാന്‍ എന്നിവര്‍ ഓരോന്ന് വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് പൃഥ്വി ഷായും ശിഖര്‍ ധവാനും കൂറ്റനടികളിലൂടെ മികച്ച തുടക്കം നല്‍കി. 17 ബോളില്‍ നിന്ന് ഷാ 32 റണ്‍സ് നേടി. ഷാ ഔട്ടായതിന് ശേഷം ധവാന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. 92 റണ്‍സിലിരിക്കെ അനാവശ്യ ഷോട്ടിന് ശ്രമിച്ച ധവാന്‍, റിച്ചാര്‍ഡ്‌സന്റെ ബോളില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. ശേഷം ക്യാപ്റ്റന്‍ ഋഷഭ് പന്തും മാര്‍കസ് സ്റ്റോണിസും ചേര്‍ന്ന് ഡല്‍ഹിയെ സംരക്ഷിച്ചു. സ്റ്റോണിസും ലളിത് യാദവുമാണ് വിജയതീരത്തെത്തിച്ചത്. പന്ത് 15ഉം സ്റ്റോണിസ് 27ഉം സ്റ്റീവന്‍ സ്മിത്ത് ഒമ്ബതും ലളിത് യാദവ് 12ഉം റണ്‍സെടുത്തു.

പഞ്ചാബിന് വേണ്ടി ജയ് റിച്ചാര്‍ഡ്‌സണ്‍ രണ്ടും അര്‍ശ്ദീപ് സിംഗ്, റിലീ മെരെഡിത് എന്നിവര്‍ ഓരോന്നുവീതവും വിക്കറ്റ് വീഴ്ത്തി.

മറ്റൊരു മത്സരത്തിൽ , എ ബി ഡിവില്ലിയേഴ്‌സിന്റെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തകര്‍പ്പന്‍ വിജയം. ഐപിഎല്ലില്‍ അവര്‍ 38 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചു. റോയല്‍ ചലഞ്ചേഴ്‌സിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ 6 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്തെത്തി.

205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഇരുപത് ഓവറില്‍ എട്ട് വിക്കറ്റിന് 166 റണ്‍സേ നേടാനായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 20 ഓവറില്‍ നാലു വിക്കറ്റിന് 204 റണ്‍സ് എടുത്തു.

ആടിതിമിര്‍ത്ത ഡിവില്ലിയേഴ്‌സും മാക്‌സ്‌വെല്ലും അര്‍ധ സെഞ്ചുറി നേടി. ഡിവില്ലിയേഴ്‌സ് 34 പന്തില്‍ ഒമ്ബത് ഫോറും മൂന്ന് സിക്‌സറും സഹിതം 76 റണ്‍സുമായി അജയ്യനായി നിന്നു. ഡിവില്ലിയേഴ്‌സാണ് മാന്‍ ഓഫ് ദ മാച്ച്‌.

മാക്‌സ്‌വെല്‍ 49 പന്തില്‍ 78 റണ്‍സ് നേടി. ഒമ്ബത് ഫോറും മൂന്ന് സിക്‌സറും അടിച്ചു. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ റോയല്‍സിനെ ഇവരുടെ ബാറ്റിങ്ങാണ് കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മാക്‌സ്‌വെല്ലും ഡിവില്ലിയേഴ്‌സും നാലാം വിക്കറ്റില്‍ 53 റണ്‍സ് അടിച്ചെടുത്തു.

കൊവിഡ് മുക്തനായശേഷം കളിക്കളത്തിലിറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 25 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി യും (5), രജാത്തും (1) അനായാസം കീഴടങ്ങി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ തുടക്കം മോശമായി. ഇരുപത്തിമൂന്ന് റണ്‍സ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് വീണു. ഓപ്പണര്‍ ഗുഭ്മന്‍ ഗില്ലിനെ ജാമീസന്‍ പുറത്താക്കി. ഗില്‍ ഒമ്ബത് പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 21 റണ്‍സ് കുറിച്ചു. തുടര്‍ന്ന് ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണതോടെ കൊല്‍ക്കത്ത തോല്‍വിയിലേക്ക് നീങ്ങി.

ആന്ദ്രെ റസ്സല്‍ 20 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും പൊക്കി 31 റണ്‍സോടെ കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോററായി. ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ 23 പന്തില്‍ 29 റണ്‍സ് എടുത്തു. ഒരു ഫോറും രണ്ട് സിക്‌സറും അടിച്ചു. രാഹുല്‍ ത്രിപാഠി 20 പന്തില്‍ 25 റണ്‍സ് നേടി. അഞ്ചു പന്ത് അതിര്‍ത്തികടത്തി. ഷാക്കിബ് അല്‍ ഹസന്‍ 25 പന്തില്‍ 26 റണ്‍സ് എടുത്തു.

റോയല്‍ ചലഞ്ചേഴ്‌സ് പേസര്‍ കെയ്ല്‍ ജാമീസണ്‍ മൂന്ന് ഓവറില്‍ 41 റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു. സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 34 റണ്‍സിന് രണ്ട് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.