സുനിൽഛേത്രി വിളിച്ചു: സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞു; മഴയിലും ആവേശ ജയം നേടി ഇന്ത്യ

സുനിൽഛേത്രി വിളിച്ചു: സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞു; മഴയിലും ആവേശ ജയം നേടി ഇന്ത്യ

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

മുംബൈ: സുനിൽ ഛേത്രി വിളിച്ചാൽ ഇന്ത്യയ്ക്ക് കേൾക്കാതിരിക്കാനാവില്ലല്ലോ..! ആ വിളി ഇന്ത്യ മുഴുവൻ കേട്ടു. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യക്കാരെ പ്രതിനിധാനം ചെയ്ത് ആ 15,000 ആളുകൾ സ്റ്റേഡിയത്തിൽ 90 മിനിറ്റും ആർപ്പു വിളിച്ചു. ഒടുവിൽ കനത്ത മഴയിലും ആവേശം നിറച്ച മൂന്നു ഗോളുകൾ പോസ്റ്റിലേയ്ക്കു പറത്തി വിട്ട് ഇന്റർകോണ്ടിനെറ്റൽ കപ്പിൽ ഇന്ത്യയ്ക്ക് ആവേശജയം. തന്റെ വിളികേട്ട് ആവേശത്തോടെ കളികാണാനെത്തിയവർക്ക് ഛേത്രിയുടെ വക രണ്ട് ഗോളും..!
കഴിഞ്ഞ ദിവസം മുംബൈയിൽ ആരംഭിച്ച ചതുർരാഷ്ട്ര ഇൻർകോണ്ടിനെന്റൽ ഫുട്‌ബോൾ ടൂർണമെന്റിലാണ് ഇന്ത്യ കെനിയ്‌ക്കെതിരെ ഉജ്വല വിജയം കുറിച്ചത്. ആദ്യ മത്സരത്തിൽ ചൈനീസ് തായ്‌പേയ്‌ക്കെതിരെ ഛേത്രിയുടെ ഹാട്രിക്കിന്റെ മികവിൽ ഇന്ത്യ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കു വിജയിച്ചിരുന്നു. എന്നാൽ, അന്ന് സ്‌റ്റേഡിയത്തിൽ ആകെയുണ്ടായിരുന്നത് രണ്ടായിരത്തിയഞ്ഞൂറിനടുത്ത് കാണികൾ മാത്രമായിരുന്നു. മത്സരം ഇന്ത്യ ശക്തമായ രീതിയിൽ ജയിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ടീമിനെതിരെ പരിഹാസ ശരങ്ങൾ ശക്തമായിരുന്നു.
ഇതോടെയാണ് സുനിൽഛേത്രി തങ്ങളുടെ വികാരം മുഴുവൻ അണപൊട്ടുന്ന രീതിയിൽ വീഡിയോയുമായി എത്തിയത്. ഞങ്ങളെ പരിഹസിച്ചോളൂ, പക്ഷേ ആളില്ലാത്ത സ്റ്റേഡയത്തിൽ വന്നിരുന്നു കൂക്കുവിളിച്ചോളു എന്നായിരുന്നു ഛേത്രിയുടെ വീഡിയോ സന്ദേശം. ഇതിനെ പിൻതുണച്ച് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും രംഗത്ത് എത്തിയതോടെ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു. തിങ്കളാഴ്ച ഇന്ത്യയുടെ കെനിയയും തമ്മിലുള്ള മത്സരം ആരംഭിക്കും മുൻപു തന്നെ ടിക്കറ്റുകളെല്ലാം വിറ്റു പോയി. 15,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞായിരുന്നു ഇന്നലെ കാണികൾ. ഇതിലേറെ പേർ ടിവിയിൽ ലൈവായി കളി കാണുകയും ചെയ്തു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ 90 ശതമാനവും ശക്തമായ മഴയായിരുന്നു. കനത്ത മഴയിൽ ഗ്രൗണ്ടിൽ പലഭാഗത്തും വെള്ളക്കെട്ടുണ്ടായത് മൈതാനത്ത് സ്വതസിദ്ധമായ കളി പുറത്തെടുക്കുന്നതിൽ കളിക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടു. ഇന്ത്യ ശക്തമായി മുന്നേറുന്നതിനിടെ പല തവണ കളിക്കാൻ വെള്ളത്തിൽ തെന്നി വീഴുകയും ചെയ്തു. പക്ഷേ, ആവേശം ഒട്ടും കുറയ്ക്കാതെ തന്നെ കാണികൾ ഇന്ത്യൻ ക്യാപ്റ്റനൊപ്പം നിലകൊണ്ടു.

 

രണ്ടാം പകുതിയുടെ 68 -ാം മിനിറ്റിലാണ് ഇന്ത്യയ്ക്ക് ആദ്യ ഗോൾ വന്നത്. കളത്തിന്റെ വലതുപാശത്തു നിന്നും പ്രണോയ് ഹാൾദർ ഉയർത്തിവിട്ട പന്ത് നെഞ്ചിലെടുത്ത ഛേത്രി, ഒന്ന് വെട്ടിത്തിരിഞ്ഞു. ഗോൾ എന്ന് കാണികൾ ഉറപ്പിച്ച് ആർത്തു വിളിച്ച നിമിഷം. പന്തിനെ വരുതിയിലാക്കാനുള്ള ശ്രമത്തിനിടെ പന്ത് അൽപം മുന്നോട്ട് ബോക്‌സിനുള്ളിലേയ്ക്കു നീണ്ടു. ഓടിയെടുക്കാൻ ആവത് സമയമുണ്ടായിരുന്നു. ഛേത്രി കുതിച്ചു.. കെനിയൻ പ്രതിരോധതാരം ചെറുതായൊന്നു തട്ടി .. ബോക്‌സിനുള്ളിൽ ഒന്ന് വട്ടംകറങ്ങി ഛേത്രി വീണു. വിസിൽ മുഴങ്ങി.. റഫറിയുടെ കൈ പെനാലിറ്റി ബോക്‌സിലേയ്ക്കു നീണ്ടു. ഛേത്രിയുടെ ഷോട്ട് ഗോളിയെ കബളിപ്പിച്ച് വലയുടെ ഇടത് മൂലയിൽ പതിച്ചു ഗോൾ. 71 -ാം മിനിറ്റിൽ വീണ്ടും ആവേശ നിമിഷം.. ഛേത്രിയുടെ ഷോട്ട് കെനിയൻ പ്രതിരോധ മതിലിൽ തട്ടി തിരിച്ചു വന്നത് ജേജേയുടെ കാൽപാകത്തിന്. ഒരൊറ്റ ഷോട്ട്.. കളി ഇന്ത്യയുടെ കാലിൽ. 90 -ാം മിനിറ്റിൽ അതായിരുന്നു കളിയിലെ നിമിഷം. ഇൻജ്വറി സമയം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം. മധ്യവരയ്ക്കപ്പുറത്തു നിന്നു നീട്ടിയെറിഞ്ഞ പന്ത് കാലിൽ കൊരുത്തെടുത്ത് ഛേത്രി മുന്നോട്ട്, രണ്ടു പ്രതിരോധ താരങ്ങൾ ഇടതും വലതും.. ഛേത്രിയെ തടുക്കാൻ കെനിയൻ ഗോൾ കീപ്പർ അഡ്വാൻസ് ചെയ്ത് മുന്നിലേയ്ക്ക് ഓടിയെത്തി. ഗോളിയെ കബളിപ്പിച്ച് തലയ്ക്കു മുകളിലൂടെ ഒരു ചിപ്പ്. പന്ത് വലയിൽ. ഗോൾ ആഘോഷത്തിൽ ഓടിയെത്തിയ ഛേത്രി ഗാലറിയിലേയ്ക്കു വിരൽ ചൂണ്ടി. ഈ ഗോൾ നിങ്ങൾക്കുള്ളതാണ്. ആഘോഷിക്കുക..!

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group