പിണറായിയെ മോശക്കാരനാക്കാൻ സിപിഎം പൊലീസ്: ഭരണത്തിൽ പിടിമുറുക്കാൻ കൊടിയേരി തന്ത്രം; തന്ത്രമൊരുക്കിയത് കണ്ണൂർ ലോബി

പിണറായിയെ മോശക്കാരനാക്കാൻ സിപിഎം പൊലീസ്: ഭരണത്തിൽ പിടിമുറുക്കാൻ കൊടിയേരി തന്ത്രം; തന്ത്രമൊരുക്കിയത് കണ്ണൂർ ലോബി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാരിൽ പിടിമുറുക്കാൻ പിണറായിക്കും പൊലീസിനുമെതിരെ വിമർശനങ്ങളുമായി സിപിഎം കണ്ണൂർ ലോബി. മുൻ ആഭ്യന്തരമന്ത്രി കൂടിയായി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പാർട്ടിയിലെയും പൊലീസിലെയും സ്വാധീനമാണ് ഇതിനായി ഉപയോഗിക്കുന്നത്. പാർട്ടിയിലെ ഏക ശക്തിയായും, എതിർസ്വരമില്ലാത്ത നേതാവായും പിണറായി വിജയൻ വളർന്നതോടെയാണ് കണ്ണൂർ ലോബിയിലെ തന്നെ ഒരു വിഭാഗം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയായെങ്കിലും, പാർട്ടിയെയും സർക്കാരിനെയും ഒരു പോലെ നിയന്ത്രിക്കുന്നത് പിണറായി വിജയൻ തന്നെയാണ്. പാർട്ടി സെക്രട്ടറിയായിട്ടും കാര്യമായ നിയന്ത്രണം പാർട്ടിയിലും സർ്ക്കാരിലുമില്ലാത്ത കൊടിയേരി ഗ്രൂപ്പാണ് ആഭ്യന്തരവകുപ്പിലെയും പൊലീസിലെയും ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് സൂചന.
സംസ്ഥാനത്ത് പിണറായി സർക്കാർ അധികാരത്തിൽ ഏറിയ ശേഷം മാത്രം പതിനാറ് രാഷ്ട്രീയ കൊലപാതകങ്ങളും, എട്ട് ലോക്കപ്പ് മരണങ്ങളുമാണ് അരങ്ങേറിയത്. പൊലീസ് വിമർശന വിധേയമായ നൂറിലേറെ സംഭവങ്ങൾ കഴിഞ്ഞ ആറു മാസത്തിനിടെയുണ്ടായി. ഈ സംഭവങ്ങളിലെല്ലാം പൊലീസിനു ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ആരോപണ വിധേയരായവരെയെല്ലാം സസ്‌പെന്റ് ചെയ്യുകയും, കേസിൽപെടുത്തുകയും ചെയ്‌തെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് പൂർണമായും പൊലീസിനെ തന്റെ വരുതിയിൽ നിർത്താൻ സാധിച്ചിട്ടില്ല.
കൊടിയേരി ബാലകൃഷ്ണന്റെ കാലത്ത് പല ജില്ലകളുടെയും ചുതമല വഹിച്ചിരുന്ന കൊടിയേരിയുടെ വിശ്വസ്തരായവരാണ് ഇന്ന് പൊലീസിന്റെ ഉന്നത തലങ്ങളിൽ എത്തി നിൽക്കുന്നത്. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ കാര്യമായ പ്രവർത്തി പരിചയമില്ലാത്ത ലോക്‌നാഥ് ബഹ്‌റയാണ് സംസ്ഥാനത്തെ ഡിജിപി. ഇദ്ദേഹമാകട്ടെ പിണറായിയുടെ വിശ്വസ്തനും. രണ്ട് എഡിജിപിമാരും, ഇന്റലിജൻസ് മേധാവിയും, റേഞ്ച് ഐജിമാരിൽ രണ്ടു പേരും കൊടിയേരി പൊലീസിലെ മിടുക്കൻമാരെന്നു പേരുകേട്ടവരാണ്. അതുകൊണ്ടു തന്നെ ഇപ്പോഴും കൊടിയേരിയ്ക്കു തന്നെയാണ് പൊലീസിൽ സ്വാധീനം കൂടുതൽ.
പാർട്ടി സെക്രട്ടറിയായി രണ്ടാം ടേം ആരംഭിച്ചിട്ടും സർക്കാരിലും, പാർട്ടിയിലും പിണറായിക്ക് ഉള്ളതിനു സമമായ സ്വാധീനമുണ്ടാക്കിയെടുക്കാൻ ഇതുവരെയും കൊടിയേരി ബാലകൃഷ്ണനു സാധിച്ചിട്ടില്ല. ഒരു കാലത്ത് കേരളത്തിലെ സിപിഎമ്മിന്റെ നട്ടെല്ലെന്ന് പേരുകേട്ട കണ്ണൂർ ലോബിയ്ക്കു പോലും ഇന്ന് സർക്കാരിൽ സ്വാധീനമില്ല. ഈ സാഹചര്യത്തിൽ പൊലീസിലൂടെ വിടക്കാക്കി തനിക്കാകുക എന്ന നയമാണ് ഇപ്പോൾ കൊടിയേരിയുടെ വിശ്വസ്തരായ സംഘം ചെയ്യുന്നത്. പൊലീസ് ഭരണം മോശമാണെന്നും, പിണറായിക്കു ഭരിക്കാനറിയില്ലെന്നും ധാരണ സൃഷ്ടിച്ചെടുത്ത ശേഷം ഭരണത്തിൽ പിടിമുറുക്കുന്നതിനുള്ള പാർട്ടി നീക്കമാണ് ഇപ്പോൾ വെളിവാകുന്നതെന്നാണ് സൂചന. പാർട്ടിക്കുള്ളിലെ പോര് മുറുകിയാൽ ഇത് സംസ്ഥാന ഭരണത്തെ തന്നെ സ്വാധീനിച്ചേക്കാം.