
‘സുഖ്ജിന്തർ സിംഗ് രൺധാവെ’ പഞ്ചാബിന്റെ പുതിയ സാരഥി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
സ്വന്തം ലേഖകൻ
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജിന്തർ സിംഗ് രൺധാവെ അധികാരമേൽക്കും. ഹൈക്കമാൻഡാണ് സുഖ്ജിന്തർ സിംഗിൻറെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
മുതിർന്ന കോൺഗ്രസ് നേതാവ് സുനിൽ ഝാക്കർ, മുൻ പിസിസി അധ്യക്ഷനായ പ്രതാപ് സിംഗ് ബാജ്വ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കമാൻഡ് നിരീക്ഷകരോട് സംസാരിച്ച എംഎൽഎമാരിൽ ഒരു വിഭാഗം സിദ്ദുവിനായി വാദിച്ചിരുന്നു. എന്നാൽ സുഖ്ജിന്തർ സിംഗ് രൺധാവെയ്ക്ക് മുൻഗണന ഏറുകയായിരുന്നു. സുഖ്ജിന്തർ സിംഗ് ഇന്നു തന്നെ മുഖ്യമന്ത്രിയായി അധികാരമേൽക്കുമെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ട്.
മുഖ്യമന്ത്രിയാകാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അംബിക സോണി വ്യക്തമാക്കിയിരുന്നു. പഞ്ചാബിൽ ഒരു സിക്ക് മുഖ്യമന്ത്രി വന്നില്ലെ ങ്കിൽ അതിൻറെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അഭിപ്രായവും ഇതിനിടെ ഉയർന്നിരുന്നു. ഇതോടെ രൺധാവെയ്ക്ക് അനുകൂലമായി തീരുമാനം എത്തുകയായിരുന്നു.
പ്രതിസന്ധി പരിഹാരത്തിനും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുമായി എഐസിസി നിരീക്ഷകരായ അജയ് മാക്കനും ഹരീഷ് ചൗധരിയും ചണ്ഡീഗഡിലെത്തിയിരുന്നു. പഞ്ചാബിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും ചണ്ഡീഗഡിൽ ക്യാന്പ് ചെയ്യുകയായിരുന്നു.
പഞ്ചാബ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെയാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചത്. കോൺഗ്രസിലെ പടലപിണക്കങ്ങളെത്തുടർന്നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ചത്. പാർട്ടി നിയമസഭാകക്ഷി യോഗം ചേരുന്നതിനു തൊട്ടുമുമ്പായിരുന്നു രാജി.