video
play-sharp-fill

വാഹനാപകടത്തില്‍ അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ കുടുംബത്തിന് ഇനി സ്വന്തമായൊരു വീട്; വീടിന്റെ കല്ലിടല്‍ കര്‍മ്മം നടന്നു; പത്ത് മാസങ്ങള്‍ക്കുള്ളില്‍ വീടിന്റെ മുഴുവൻ നിര്‍മാണവും പൂര്‍ത്തിയാക്കാനാണ് ശ്രമം

വാഹനാപകടത്തില്‍ അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ കുടുംബത്തിന് ഇനി സ്വന്തമായൊരു വീട്; വീടിന്റെ കല്ലിടല്‍ കര്‍മ്മം നടന്നു; പത്ത് മാസങ്ങള്‍ക്കുള്ളില്‍ വീടിന്റെ മുഴുവൻ നിര്‍മാണവും പൂര്‍ത്തിയാക്കാനാണ് ശ്രമം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വാഹനാപകടത്തില്‍ അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു. ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ നല്‍കിയ സ്ഥലത്ത് ഇന്ന് വീടിന്റെ കല്ലിടല്‍ കര്‍മ്മം നടന്നു. ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ 24 ന്യൂസ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍, കെഎസ് പ്രസാദ്, ടിനി ടോം എന്നിവര്‍ കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തു.

തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തില്‍ മാടപ്പള്ളിക്ക് സമീപം പ്ലാന്തോട്ടം കവലയിലാണ് ഏഴ് സെന്റ് സ്ഥലം സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവിടെയാണ് വീടൊരുങ്ങുന്നത്. കേരള ഹോം ഡിസൈന്‍സും 24 ന്യൂസും മിമിക്രി താരങ്ങളുടെ സംഘടനയായ മായും ചേര്‍ന്നാണ് നിര്‍മാണം. പത്ത് മാസങ്ങള്‍ക്കുള്ളില്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആംഗ്ലിക്കന്‍ സഭയുടെ ഡയസിസ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി നോബിള്‍ ഫിലിപ്പ് തന്റെ കുടുംബസ്വത്തിലെ സ്ഥലമാണ് സുധിയുടെ കുടുംബത്തിനായി വിട്ടുനല്‍കിയത്. കേരള ഹോം ഡിസൈന്‍സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. വീടിന്റെ മോഡല്‍ സുധിയുടെ ഭാര്യ രേണുവിന് കല്ലിടല്‍ ചടങ്ങില്‍ കൈമാറി.

കണ്ണീരോടെയാണ് രേണുവും മക്കളും ഇത് ഏറ്റുവാങ്ങിയത്. ചേട്ടനില്ലാത്തതിന്റെ വിഷമമേ ഉള്ളൂ. ബാക്കിയെല്ലാം സന്തോഷമാണ് എന്ന് രേണു പറഞ്ഞു. അച്ഛനില്ലാത്തതിന്റെ കുറവ് മാത്രമെ ഉള്ളൂവെന്ന് മകനും പറഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണിതെന്നും ഇതില്‍ യഥാര്‍ത്ഥത്തില്‍ അഭിനന്ദിക്കേണ്ടത് ബിഷപ്പിനെയാണ് എന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. നമ്മുടെ എല്ലാവരുടേയും സ്വപ്‌നമായിരുന്നു സുധിയുടെ വീട്.

‘ഏഴ് സെന്റ് ബിഷപ്പ് നല്‍കി. അവിടെ നിന്നാണ് നമ്മള്‍ തുടങ്ങിയത്. ഒരുപാട് ആള്‍ക്കാര്‍ പറഞ്ഞു ഇത്രേം കാലം സ്റ്റാര്‍ മാജിക്കില്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ടും സുധിക്ക് വീടുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെയൊരു സാഹചര്യത്തിലായത് വളരെ വിഷമമാണ്. എന്നാലും ആ വീട് ഉടനെ ഉയരും. നമ്മള്‍ അന്ന് പറഞ്ഞത് ഈ കുടുംബത്തെ ഒരിക്കലും വഴിയില്‍ ഉപേക്ഷിക്കില്ല എന്നാണ്,’ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

സുധിയുടെ കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും തനിക്ക് കുറെ നാള്‍ പരിചയമുള്ള ആളായിരുന്നു സുധി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ദുഖവും സന്തോഷവും സമ്മിശ്രമായ സമയമാണിതെന്ന് കെ എസ് പ്രസാദ് പറഞ്ഞു. സുധിയില്ല എന്ന ദുഖമുണ്ടെങ്കിലും അവന്റെ ആഗ്രഹപ്രകാരം കുടുംബത്തിന് വീടൊരുങ്ങുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ജൂണ്‍ അഞ്ചിനാണ് കൊല്ലം സുധി കാറപകടത്തില്‍ മരിച്ചത്. കോഴിക്കോട് പ്രോഗ്രാം കഴിഞ്ഞ് വരുന്ന വഴി സുധി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മിമിക്രി കലാകാരന്‍മാരായ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു.