
ഇന്ധന വില വർധനവിന്റെ ഭാരം ജനങ്ങളുടെ ചുമലിൽ അടിച്ചൽപ്പിക്കരുതെന്ന് എസ്‍യുസിഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ്പ് പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുന്ന ഇന്ധന വിലവർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്‍യുസിഐ(കമ്മ്യൂണിസ്റ്റ്) കോട്ടയം ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യുദ്ധത്തിൻ്റെ മറവിൽ കുത്തകകളെ സഹായിക്കാൻ ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞൂറ്റുകയാണ് മോദി സർക്കാർ എന്നും അവർ ആരോപിച്ചു.
യുഎസും ഇസ്രയേലും ചേർന്ന് ലോകത്തിന് മേലിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന വിനാശകരമായ ഈ യുദ്ധത്തെ മോദി സർക്കാർ പിന്തുണക്കുകയാണ്. ആഗോള വിപണിയിൽ ക്രൂഡോയിലിൻ്റെ വില കുത്തനെ ഇടിഞ്ഞപ്പോഴും ഇന്ത്യയിൽ വില വർധിപ്പിച്ച മോദി സർക്കാരിൻ്റെ ജനദ്രോഹ സമീപനം വ്യക്തമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം ഭീമമായ വിലവർധനവ് അടിച്ചേൽപ്പിച്ചിരിക്കുന്ന സർക്കാരിനെതിരെ ശക്തമായ ജനരോഷം ഉയർന്നു വരേണ്ടതുണ്ട് എന്ന് അവർ കുട്ടിച്ചേർത്തു.
സംസ്ഥാന കമ്മിറ്റിയംഗം പിഎൻ തങ്കച്ചൻ ധർണയുടെ അധ്യക്ഷത വഹിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഡോ ഡി സുരേന്ദ്രനാഥ്, ജില്ലാ സെക്രട്ടറിയേറ്റംഗവും എഐഡിവൈഒ സംസ്ഥാന പ്രസിഡൻ്റുമായ ഇവി പ്രകാശ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എജി അജയകുമാർ, എൻകെ ബിജു, വിപി കൊച്ചുമോൻ, കെ സദാനന്ദൻ എന്നിവർ ധർണയിൽ സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







