കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി നഴ്‌സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ; ഇവരിൽ നിന്ന് 204 ഗ്രാം മെത്താഫിറ്റാമിൻ പിടിച്ചെടുത്തു, ഗ്രാമിന് 4000 രൂപ നിരക്കിൽ ചില്ലറ വിൽപന നടത്താനായിരുന്നു പ്രതികളുടെ ശ്രമം
വയനാട്: കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി നഴ്‌സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ.
വയനാട് ബാവലി ചെക്ക്‌പോസ്റ്റിലാണ് യുവാക്കൾ പിടിയിലായത്. ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ പരിശോധനയിൽ 204 ഗ്രാം മെത്താഫിറ്റാമിൻ പിടിച്ചെടുത്തു.
യുവാക്കളെത്തിയ ഹ്യുണ്ടായ് ഇയോൺ കാറിന്റെ സ്റ്റിയറിംഗിന് താഴെയുള്ള കവറിംഗിനുള്ളിൽ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട് സ്വദേശികളായ ഫൈസൽ റാസി, മുഹമ്മദ് അസനൂൽ ഷാദുലി, സോബിൻ കുര്യാക്കോസ്, മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ എന്നിവരാണ് പിടിയിലായത്.
മാനന്തവാടി എക്‌സൈസ്, എക്‌സൈസ് ചെക്ക്‌പോസ്റ്റ് സംഘം, വയനാട് എക്‌സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഘം എന്നിവരാണ് സംയുകത്മായി പരിശോധന നടത്തിയത്.
ബംഗളൂരുവിൽ നിന്ന് വാങ്ങിയ മെത്താഫിറ്റാമിൻ കൽപ്പറ്റ, വൈത്തിരി മേഖലകളിലായി ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്ന് എക്‌സൈസ് അറിയിച്ചു. രണ്ട് ലക്ഷം രൂപയ്ക്കാണ് ബംഗളൂരുവിലെ മൊത്ത വിൽപനക്കാരനിൽ നിന്ന് മെത്താഫിറ്റാമിൻ വാങ്ങിയത്.
ഗ്രാമിന് 4000 രൂപ നിരക്കിൽ ചില്ലറ വിൽപന നടത്താനായിരുന്നു പ്രതികൾ ശ്രമിച്ചത്. ഈ മാസം വയനാട്ടിലെ മൂന്നാമത്തെ ലഹരിമരുന്ന് കേസാണിത്.
കേസിൽ വിശദമായ അന്വേഷണമുണ്ടാവുമെന്നും അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്നും എക്‌സൈസ് അറിയിച്ചു.