play-sharp-fill
ഞായറാഴ്ച ലോക് ഡൗൺ തുടരും; മറ്റ് നിയന്ത്രണങ്ങളിൽ മാറ്റമില്ല; ടി.പി. ആർ കൂടിയ വാർഡുകളിൽ (1000 ന് 8) കടുത്ത നിയന്ത്രണം; ആദ്യവാക്സിനേഷൻ കിട്ടാത്തവർക്കെല്ലാം ഉടൻ വാക്സിൻ; കൊവിഡ് അവലോകന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

ഞായറാഴ്ച ലോക് ഡൗൺ തുടരും; മറ്റ് നിയന്ത്രണങ്ങളിൽ മാറ്റമില്ല; ടി.പി. ആർ കൂടിയ വാർഡുകളിൽ (1000 ന് 8) കടുത്ത നിയന്ത്രണം; ആദ്യവാക്സിനേഷൻ കിട്ടാത്തവർക്കെല്ലാം ഉടൻ വാക്സിൻ; കൊവിഡ് അവലോകന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേർന്നു. വാക്സിനേഷൻ വർദ്ധിപ്പിക്കാനും കൊവിഡ് പരിശോധന കൂട്ടാനും തീരുമാനമായി. ഞായറാഴ്ച ലോക് ഡൗൺ തുടരും. ടി.പി. ആർ കൂടിയ വാർഡുകളിൽ (1000 ന് 8) കടുത്ത നിയന്ത്രണം ഏർപ്പെടുത്തും.


സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാൻ നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ജില്ലകളില്‍ വാക്‌സിനേഷന്‍ പ്ലാന്‍ തയ്യാറാക്കി വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തണം. വാക്‌സിന്‍ വിതരണത്തില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സിറിഞ്ചുകളുടെ ക്ഷാമവും പരിഹരിച്ചുവരുന്നു. 1.11 കോടി ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നേമുക്കാല്‍ വര്‍ഷമായി കോവിഡ് പ്രതിരോധത്തിനായി സമര്‍പ്പിതമായ സേവനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ഓണം കഴിഞ്ഞതോടെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അതിനാല്‍ തന്നെ ഏതു സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കേണ്ടതാണ്. രോഗ തീവ്രത കുറയുന്നുണ്ടെങ്കിലും മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഹോം ഐസൊലേഷനിലുള്ളവര്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഹോം ഐസൊലേഷനിലുള്ള ഗുരുതര രോഗമുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണം.

കോവിഡ് പരിശോധന പരമാവധി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ല.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങള്‍ യോഗം വിലയിരുത്തി. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ട് ഓരോ ജില്ലകളും ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍ സംവിധാനമുള്ള കിടക്കകള്‍, ഐ.സി.യു.കള്‍, വെന്റിലേറ്ററുകള്‍ എന്നിവ സജ്ജമാക്കി വരുന്നു. പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യു.വും സജ്ജമാക്കി കുട്ടികളുടെ ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. നോണ്‍ കോവിഡ് ചികിത്സയ്ക്കും പ്രാധാന്യം നല്‍കുന്നതാണ്.