കാനം റൂട്ടിലേ ആദ്യ ബസ് ; ഒരു നാടിന്റെ യാത്രാസ്വപ്നങ്ങൾക്ക് ഒപ്പം കുതിച്ച ‘കാനം വണ്ടി’ ; കോട്ടയം–കാനം–പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ജനകീയ ബസ് ഇനി പുതിയ കൈകളിലേക്ക് ; ഉടമ ജോൺ കെ.ജേക്കബ് ബസ് റൂട്ടുസഹിതം പുതിയ ഉടമ ളാക്കാട്ടൂർ സ്വദേശിയ്ക്ക് കൈമാറി
സ്വന്തം ലേഖകൻ
കാനം : ആറു പതിറ്റാണ്ട് ഒരു നാടിന്റെ യാത്രാസ്വപ്നങ്ങൾക്ക് ഒപ്പം കുതിച്ച ‘കാനം വണ്ടി’ ഇനി പുതിയ കൈകളിലേക്ക്. കോട്ടയം–കാനം–പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ബസിനെയാണു നാട്ടുകാർ കാനം വണ്ടി എന്നു വിളിച്ചിരുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ പതിവു യാത്രക്കാരായിരുന്ന സെന്റ് തോമസ് ബസ് കഴിഞ്ഞ ദിവസം റൂട്ടുസഹിതം പുതിയ ഉടമയ്ക്ക് കൈമാറി.സർവീസ് മുടക്കാത്ത ബസ് എന്ന പ്രത്യേകതയാണു നാട്ടുകാർക്കു സെന്റ് തോമസിനോടുള്ള പ്രിയം കൂട്ടിയത്.
കോട്ടയം സംക്രാന്തി ഒതളത്തുംമൂട്ടിൽ കുടുംബത്തിന്റെ സ്വന്തമായ ബസിന് 1963 ഫെബ്രുവരി 5നാണ് പെർമിറ്റ് ലഭിച്ചത്. 1963 മുതൽ 1987 വരെ ഒതളത്തുംമൂട്ടിൽ പി.വി.ചാക്കോയുടെ പേരിലായിരുന്നു ബസ്. പിന്നീട് മകൻ ജോൺ കെ.ജേക്കബിന്റെ (ലാൽ) പേരിലായി. ആറു പതിറ്റാണ്ടിനിടെ 6 ബസുകൾ മാറി. കോവിഡ് കാലത്ത് ഏതാനും നാളുകൾ മാത്രമാണ് 60 വർഷത്തിനിടെ സർവീസ് മുടക്കിയത്.യാത്രക്കാർ കുറഞ്ഞ കാലത്തും ഉടമ പണം നൽകി സർവീസ് നടത്തി നാടിനോടുള്ള പ്രതിബദ്ധത തെളിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാനം റൂട്ടിലേക്ക് ആദ്യമെത്തിയ ബസും ഇതായിരുന്നു. ആദ്യം കോട്ടയം– കാനം റൂട്ടിലായിരുന്നു സർവീസ്. പിന്നീടു ചാമംപതാൽ വരെ തുടർന്നു കോട്ടയം–കാനം– ചാമംപതാൽ– പൊൻകുന്നം വരെയും റൂട്ട് നീട്ടി. ളാക്കാട്ടൂർ സ്വദേശി ബിനു എം.നാഗപ്പള്ളിലാണു ബസ് വാങ്ങിയത്.യാത്രക്കാരോടുള്ള ജീവനക്കാരുടെ സൗഹാർദപരമായ ഇടപെടലാണ് സർവീസിനെ ജനകീയമാക്കിയതെന്നു ജോൺ കെ.ജേക്കബ് പറഞ്ഞു. 22 ന് വൈകിട്ട് കാനത്തു ചീഫ് വിപ് എൻ.ജയരാജിന്റെ നേതൃത്വത്തിൽ ഉടമയ്ക്കും ബസിനും സ്വീകരണം നൽകും.