Spread the love

തിരുവനന്തപുരം : 2026-ലെ കേരള എസ്.എസ്.എല്‍.സി ഫലം സാധാരണയായി പൊതുവിദ്യാഭ്യാസ മന്ത്രിയാണ് പ്രഖ്യാപിക്കാറുള്ളത്.
എന്നാല്‍, തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ഭരണമാറ്റ സാഹചര്യത്തില്‍, പുതിയ മന്ത്രി ഇല്ലാത്തതിനാല്‍ ഫലപ്രഖ്യാപനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നതനുസരിച്ച്‌ ഈ വെള്ളിയാഴ്ചയാണ് ഫലം വരേണ്ടതെങ്കിലും, പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാത്തത് പ്രഖ്യാപനത്തെ ബാധിച്ചേക്കും. മൂല്യനിർണയം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂർത്തിയാക്കി പരീക്ഷാബോർഡ് ബുധനാഴ്ച യോഗം ചേരുന്നുണ്ട്.

video
play-sharp-fill

പതിവുപോലെ ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ പരീക്ഷാഭവൻ പൂർത്തിയാക്കിയെങ്കിലും, ഉത്തരവാദിത്തപ്പെട്ട മന്ത്രി ഇല്ലാത്തത് ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നുണ്ട്. 2021-ലെ തിരഞ്ഞെടുപ്പ് സമയത്ത് അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ഷാജഹനായിരുന്നു ഫലം പ്രഖ്യാപിച്ചത്. സമാനമായ രീതിയില്‍ ഇത്തവണയും ഉദ്യോഗസ്ഥർ ഫലപ്രഖ്യാപനം നടത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ല.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്ന കെ. വാസുകി സ്ഥലംമാറി പോയതോടെ ഷർമിള മേരി ജോസഫിനാണ് നിലവില്‍ ചുമതല. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷും നിലവിലുണ്ട്. ഇവരുടെ നേതൃത്വത്തില്‍ കൂടിയാലോചനകള്‍ നടത്തി തീരുമാനമെടുക്കാവുന്നതാണെങ്കിലും ഇതുവരെ അത്തരം നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള ബോർഡുകള്‍ ഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍, എസ്.എസ്.എല്‍.സി. ഫലവും ഉടൻ പുറത്തുവിടണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. നിശ്ചയിച്ച തീയതിയില്‍ തന്നെ ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ.എസ്.ടി.യു. വിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനം നല്‍കി.