Spread the love

ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലുള്ള താലമഡ്‌ല സ്വദേശി എസ് ശ്രീനാഥ് റെഡ്ഡിയാണ് മരിച്ചത്. സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തി.

ജൂണ്‍ 22ന് രാത്രി ലണ്ടനില്‍വച്ച്‌ നടന്ന സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ ശ്രീനാഥ് പങ്കെടുത്തിരുന്നു. അന്ന് രാത്രി ശ്രീനാഥുമായി ഫോണില്‍ സംസാരിച്ചതായും വളരെ സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നും കുടുംബം പറയുന്നു. ജൂണ്‍ 23നാണ് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് കുടുംബം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനാഥ് മുറിയില്‍ തൂങ്ങിമരിച്ചതാണെന്നാണ് റൂമില്‍ ഒപ്പം താമസിച്ചിരുന്ന ആള്‍ പറഞ്ഞത്. എന്നാല്‍ മരണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടിട്ടും ഇയാള്‍ വളരെ വൈകിയാണ് സുഹൃത്തുക്കളെ വിവരം അറിയിച്ചതെന്ന് ലണ്ടനില്‍ താമസിക്കുന്ന ശ്രീനാഥിന്റെ ബന്ധു പറഞ്ഞു.

കഴിഞ്ഞ വർഷമാണ് ശ്രീനാഥ് ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയത്. ഒരു സാധാരണ കർഷക കുടുംബത്തിലെ അംഗമായ ശ്രീനാഥിനെ വലിയ തുക വിദ്യാഭ്യാസ വായ്പയെടുത്താണ് മാതാപിതാക്കള്‍ വിദേശത്തേക്ക് അയച്ചത്. മകന്റെ അപ്രതീക്ഷിത വിയോഗ വാർത്തയറിഞ്ഞ കുടുംബം ഇപ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകള്‍ക്കായി സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ഗോഫണ്ട്മീ വഴി ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ ലണ്ടൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മകന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ ലണ്ടനിലെ അധികൃതരുമായി ബന്ധപ്പെടണമെന്ന് ശ്രീനാഥിന്റെ പിതാവ് മധുസൂദൻ റെഡ്ഡി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇതുവരെ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസോ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനോ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.