തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം: പി.എസ് ശ്രീധരന്‍പിള്ള

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം: പി.എസ് ശ്രീധരന്‍പിള്ള

Spread the love

സ്വന്തംലേഖകൻ

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സംസ്ഥാനത്തെ 75 നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് പിന്നിലായെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. വീണാ ജോര്‍ജ്, എ പ്രദീപ് കുമാര്‍ എന്നീ എം.എല്‍.എമാര്‍ സ്വന്തം മണ്ഡലങ്ങളില്‍ പിന്നിലായെന്നും അവരും രാജിവെക്കുന്നതാണ് നല്ലതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യപ്പെട്ടിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും കോട്ടമുണ്ടായോ എന്ന് പരിശോധിക്കും. തിരുവനന്തപുരത്ത് വോട്ട് കുറഞ്ഞുവെന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയെ രാഷ്ട്രീയ കമ്പോളത്തില്‍ വില്‍പന ചരക്കാക്കിയിട്ടില്ല. വിശ്വാസികളുടെ സമരത്തിന് പാര്‍ട്ടി കലവറയില്ലാത്ത പിന്തുണ നല്‍കുകയാണ് ചെയ്തിട്ടുള്ളത്. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ശബരിമലയെന്നത് ആത്മാവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതില്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ മത ധ്രുവീകരണം നടത്തിയത് ബി.ജെ.പിയല്ല. മറിച്ച് കേന്ദ്രത്തില്‍ ഒന്നിച്ച് അധികാരം പങ്കിടാന്‍ ആഗ്രഹിച്ച് സി.പി.ഐ.എമ്മും കോണ്‍ഗ്രസുമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി പരാജയപ്പെട്ടു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കേരളത്തില്‍ 19 സീറ്റുകളിലും വോട്ട് വിഹിതത്തില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. വരുന്ന ഉപതെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.