വയോധികന്റെ മരണത്തിൽ ദുരൂഹത; ബാങ്കിലുണ്ടായിരുന്ന വൻ തുകയും സ്വത്തുക്കളും സഹോദരൻ്റെ പേരിൽ; ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സംഭവിച്ചു; എന്നിട്ടും പോസ്റ്റ്മോർട്ടം നടപടികൾ ചെയ്യാതെ സംസ്കാരം; മൃതദേഹം പുറത്തെടുക്കാൻ ഉത്തരവ്

Spread the love

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വയോധികന്റെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി. മൃതദേഹം പുറത്തെടുക്കാൻ ഉത്തരവ്. ചെങ്ങന്നൂർ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മൃതദേഹം പുറത്തെടുക്കാൻ ഉത്തരവിട്ടത്.

video
play-sharp-fill

ആരോപണത്തിൻ്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂർ സ്വദേശി പുലിയൂർ വാർഡ് ഒന്നില്‍ പടിഞ്ഞാറേ പറമ്പില്‍ പുത്തൻ വീട്ടില്‍ യേശുദാസിന്റെ (74) മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി പുറത്തെടുക്കും. മാർച്ച്‌ 20-നാണ് യേശുദാസ് അന്തരിച്ചത്.

കഴിഞ്ഞ മാർച്ച്‌ 24 ന് പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിലാണ് യേശുദാസിൻ്റെ മൃതദേഹം സംസ്കരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച്‌ മരുമകള്‍ ലീന ബിൻസ് നല്‍കിയ പരാതിയെത്തുടർന്നാണ് ഇപ്പോള്‍ കോടതിയുടെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യേശുദാസിന്റെ പേരിലുണ്ടായിരുന്ന വലിയ തുകയുടെ ബാങ്ക് ബാലൻസും വസ്തുവകകളും സഹോദരനായ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായും, ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.

യേശുദാസിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്നും എന്നിട്ടും പോസ്റ്റ്‌മോർട്ടം നടപടികള്‍ കൂടാതെയാണ് സംസ്കാരം നടന്നതെന്നും പോലീസ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അയല്‍വാസികളും യേശുദാസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ഇതേത്തുടർന്ന് ഏപ്രില്‍ 1-ന് ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണകാരണം വ്യക്തമാക്കുന്നതിന് മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഷാജു എം. എസ് ഉത്തരവില്‍ വ്യക്തമാക്കി.