video
play-sharp-fill

സോളാറിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന് പരാമർശം; വി എസിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ഉമ്മൻ ചാണ്ടിക്ക് ജയം; പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നൽകാൻ വിധി

സോളാറിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന് പരാമർശം; വി എസിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ഉമ്മൻ ചാണ്ടിക്ക് ജയം; പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നൽകാൻ വിധി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി. പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതി ഉത്തരവിട്ടു.

2013 ജൂലൈയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സോളാറില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ ആരോപണത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോളാര്‍ തട്ടിപ്പ് നടത്താന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനി രൂപീകരിച്ച് അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തി എന്നതായിരുന്നു വിഎസിന്റെ പ്രസ്താവന. ഇതിനെതിരെയാണ് ഉമ്മന്‍ചാണ്ടി 2014ല്‍ ഹര്‍ജി നല്‍കിയത്. തന്നെ സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്.

കേസിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കി. വാദത്തിനിടെ വിഎസിന്റെ ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഇത് അംഗീകരിച്ച് കൊണ്ടാണ് കോടതി വിധി.

ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി ചെലവുകള്‍ കണക്കാക്കിയാണ് പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്. വിധിക്കെതിരെ ജില്ലാ കോടതിയെ സമീപിക്കുമെന്ന് വിഎസിന്റെ അഭിഭാഷകന്‍ അറിയിച്ചു.