പാമ്പുകടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടതും, ഒരിക്കലും പാടില്ലാത്തതും; അറിയേണ്ടതെല്ലാം

Spread the love

കോടാലിയില്‍ പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ ആല്‍ജോ മരിച്ചത് ഏവരെയും നടുക്കുന്ന സംഭവമായിരുന്നു. തലയണയ്ക്കടിയില്‍ കിടന്നിരുന്ന പാമ്പാണ് കടിച്ചത്.

video
play-sharp-fill

ആല്‍ജോയുടെ സഹോദരന്‍ അനോജിനും കടിയേറ്റിരുന്നു. കുട്ടി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കുട്ടികള്‍ ഒരുമിച്ച്‌ ഒരേ മുറിയിലാണ് കിടന്നിരുന്നത്. രാത്രി ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരുവരെയും എത്തിച്ചു. പക്ഷേ ആല്‍ജോയുടെ ജീവന്‍ രക്ഷിക്കാനായില്ല. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വര്‍ഷത്തിനിടെ 19 മരണം

സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ 19 പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. ഒരു വര്‍ഷം ശരാശരി മൂവായിരത്തോളം പേര്‍ക്ക് പാമ്പുകളുടെ കടിയേല്‍ക്കുന്നതായാണ് കണക്ക്.

 

അഞ്ചുവര്‍ഷത്തിനിടെ ജനവാസ കേന്ദ്രങ്ങളില്‍ എത്തിയ 74,000 ലേറെ പാമ്പുകളെ പിടികൂടി വനത്തില്‍ വിട്ടിട്ടുമുണ്ട്. 120ലേറെ ഇനം പാമ്പുകള്‍ കേരളത്തിലുണ്ട്. ഇവയില്‍ പത്തില്‍ താഴെ ഇനം പാമ്പുകള്‍ക്കാണ് മാരക വിഷമുള്ളത്.

വേനലില്‍ വേണം അധിക കരുതല്‍

വേനലില്‍ ചൂടുകാരണം പാമ്പുകള്‍ മാളങ്ങള്‍ വിട്ട് പുറത്തിറങ്ങും. തണുപ്പുള്ള ഇടങ്ങള്‍ തേടുന്നതിനാല്‍ വീട്ടിനുള്ളിലും മറ്റും പ്രവേശിക്കാനിടയുണ്ട്. അതിനാല്‍ ജനലും വാതിലുമൊക്കെ തുറന്നിടുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം.

 

ശരീര താപനില നിയന്ത്രിക്കാന്‍ ഇവ ഈര്‍പ്പമുള്ള ഇടങ്ങള്‍ തേടും. അതിനാല്‍ പറമ്പിനോടോ കാടുപിടിച്ച സ്ഥലങ്ങളോടോ ചേര്‍ന്നുള്ള വീടിന്റെ ജനലുകളും വാതിലുകളും തുറന്നിടാതിരിക്കാന്‍ ശ്രദ്ധിക്കണം. മരങ്ങളിലൂടെയോ ചുവരിനോട് ചേര്‍ത്ത് അടുക്കിവച്ചിരിക്കുന്ന വസ്തുക്കളിലൂടെയോ പാമ്പുകള്‍ ജനല്‍ വഴി അകത്ത് പ്രവേശിക്കാന്‍ സാധ്യതയുണ്ട്.

അതിനാല്‍ വീടിനോട് ചേര്‍ത്ത് വസ്തുക്കള്‍ കൂട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കണം. മരമുണ്ടെങ്കില്‍ ജനലും എയര്‍ഹോളും വഴി ഇവ അകത്ത് പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കണം. മരക്കൊമ്പുകള്‍ വെട്ടിയൊതുക്കുന്നതടക്കം പരിഗണിക്കണം.

ജനാലയോട് ചേര്‍ന്ന് വാഹനങ്ങള്‍ നിര്‍ത്തിയിടാതിരിക്കുക. വീടിനോട് ചേര്‍ന്നുള്ള പറമ്പുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ചെടിച്ചട്ടികളിലെ ഈര്‍പ്പത്തിലും പാമ്പ് അഭയം തേടാന്‍ സാധ്യതയുണ്ട്.

അതിനാല്‍ വീടിന്റെ തറയോട് ചേര്‍ന്ന് ചെടിച്ചട്ടികള്‍ വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെരിപ്പുകളും ഷൂസുകളും എടുത്തണിയും മുന്‍പ് ഇഴജന്തുക്കള്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് പരിശോധിക്കണം.

പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ടത്

പാമ്പുകടിയേറ്റാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തേണ്ടത്. കടിയേറ്റ വ്യക്തിയെ നിരപ്പായ പ്രതലത്തില്‍ കിടത്തണം. മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച്‌ നന്നായി കഴുകുക.

ഒരു കാരണവശാലും കടിയേറ്റയാളെ ഭയപ്പെടുത്തരുത്. ഒപ്പമുള്ളവരും പരിഭ്രാന്തരാകരുത്. ഇത് കടിയേറ്റ വ്യക്തിയില്‍ ഭയമുണ്ടാക്കുകയും രക്തയോട്ടം വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ വിഷം പെട്ടെന്ന് വ്യാപിക്കും.

പാമ്പുകടിയ്ക്ക് ചികിത്സ ലഭ്യമായിട്ടുള്ള ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് പ്രസ്തുത വ്യക്തിയെ എത്തിക്കണം. കടിയേറ്റ കൈ കാലുകളില്‍ മുറുകി കിടക്കുന്ന രീതിയില്‍ വസ്ത്രങ്ങളോ, വളകളോ മോതിരങ്ങളോ പോലുള്ളവയുണ്ടെങ്കില്‍ അഴിച്ചുമാറ്റണം.

 

വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ മലര്‍ത്തി കിടത്തുന്നതിന് പകരം വശങ്ങളിലേക്ക് ചെരിച്ച്‌ കിടത്തുന്നതാണ് നല്ലത്. ഇരുചക്ര വാഹനത്തിലാണ് കൊണ്ടുപോകുന്നതെങ്കില്‍ നടുക്ക് ഇരുത്തിക്കൊണ്ടുപോവുക.

 

സര്‍വോപരി കടിയേറ്റ ആളിന് പരമാവധി ആത്മവിശ്വാസം നല്‍കാന്‍ ശ്രമിക്കുക. കടിയേറ്റ വ്യക്തി തനിച്ചാണെങ്കില്‍ ആദ്യം സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ ശ്രമിക്കുക. പക്ഷേ നടക്കാനോ ഓടാനോ മുതിരരുത്.

 

അങ്ങനെ വന്നാല്‍ രക്തയോട്ടം കൂടുകയും വിഷസഞ്ചാരം ദ്രുതഗതിയിലാവുകയും ചെയ്യും. കടിയേറ്റ ഭാഗം ചലിപ്പിക്കാതിരിക്കാനും നോക്കണം. എത്രയും വേഗം ആരെയെങ്കിലും വിളിച്ചുവരുത്തി സഹായം തേടുക.

പാമ്പുകടിയേറ്റാല്‍ ചെയ്യാന്‍ പാടില്ലാത്തത്

പാമ്പ് ഏതെന്ന് കണ്ടുപിടിക്കാനോ അതിനെ പിടിക്കാനോ കൊല്ലാനോ പോയി സമയം കളയാന്‍ പാടില്ല. ഗോള്‍ഡന്‍ ഹവേഴ്സ് നഷ്ടപ്പെടുത്തിയാല്‍ കടിയേറ്റയാളുടെ സ്ഥിതി ഗുരുതരമാകും.

മുറിവിന് മുകളിലായി കയറോ തുണിയോ മുറുക്കിക്കെട്ടരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും. രക്തയോട്ടം തടസപ്പെട്ടാല്‍ കോശങ്ങള്‍ നശിക്കുകയാണ് ചെയ്യുക.

തുണി കെട്ടണമെന്നുണ്ടെങ്കില്‍ ഒരു വിരല്‍ ഇടാവുന്ന അയവില്‍ ആവാം. ഇത് ഒരു പരിധിവരെ കടിയേറ്റ വ്യക്തിക്ക് ആത്മവിശ്വാസം നല്‍കിയേക്കും. കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം പിഴിയാന്‍ ശ്രമിക്കരുത്. മുറിവുണ്ടാക്കുന്നത് കൂടുതല്‍ അപകടകരമാണ്.

അണലി പോലുള്ള പാമ്പുകളുടെ കടിയേറ്റാല്‍ രക്തം കട്ടപിടിക്കാനുള്ള ശേഷി കുറഞ്ഞുവരുമെന്നോര്‍ക്കുക. മുറിവില്‍ നിന്ന് രക്തം വായ കൊണ്ട് വലിച്ചെടുത്ത് തുപ്പിക്കളയാന്‍ ശ്രമിച്ചാല്‍ അങ്ങനെ ചെയ്യുന്നയാള്‍ക്ക് വിഷം ഏല്‍ക്കും.

വിഷക്കല്ല് വയ്ക്കുക, പച്ചമരുന്ന് പ്രയോഗം നടത്തുക എന്നിവയ്ക്കായി സമയം കളയാതിരിക്കുക. കടിയേറ്റ ശേഷം മദ്യപിക്കാനോ പുകവലിക്കാനോ ആഹാരം കഴിക്കാനോ പാടില്ല.

മദ്യവും പുകവലിയും വിഷം പെട്ടെന്ന് രക്തത്തില്‍ കലരാന്‍ കാരണമാകും. ഭക്ഷണത്തിലെ പല ഘടകങ്ങളും രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നവയായതിനാല്‍ അതും ഒഴിവാക്കാം (Snake Bite).

മുറിവില്‍ ഐസ് ഉപയോഗിക്കുകയോ തീ കൊണ്ട് പൊള്ളിക്കുകയോ ചെയ്യരുത്. പാമ്പുകടിച്ചാല്‍ ഉറങ്ങാന്‍ പാടില്ലെന്ന് പറയുന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കണം.