തീരദേശ പരിപാലന നിയമം : ഗായകൻ എം.ജി ശ്രീകുമാറിന്റെ വീട് പൊളിക്കേണ്ടി വരുമോ ? കോടതി വിധി വെള്ളിയാഴ്ച

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഗായകൻ എം.ജി. ശ്രീകുമാറിന്റെ വീട് പൊളിക്കേണ്ടി വരുമോ? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ്. തീരദേശപരിപാലന നീയമം ലംഘിച്ച് എം.ജി. ശ്രീകുമാർ വീട് നിർമ്മിച്ച കേസിൽ കോടതി വെള്ളിയാഴ്ച വിധി പറയും. മരടിന് ശേഷം തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം നിർമ്മിച്ചതായുള്ള ആദ്യ കേസാണിത്.

കേസിൽ പത്താം പ്രതിയാണ് എം.ജി.ശ്രീകുമാർ. എറണാകുളം ബോൾഗട്ടി ബോട്ട്ജട്ടിക്ക് സമീപം 11 .5 സെന്റ്സ്ഥലത്ത് നിർമ്മിച്ച മൂന്ന് നില വീട് തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്നാണ് ആരോപണം. ഒരു നില കെട്ടിടത്തിന് അനുമതി വാങ്ങിയശേഷം കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് മൂന്ന് നിലകൾ നിർമ്മിച്ചുവെന്നും ആരോപണമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുളവുകാട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ കെ.വി സൈനബ ബീവി ഒൻപതാം പ്രതിയാണ്. കെട്ടിടത്തിന് പെർമിറ്റ് നൽകിയതും സൈനബയാണ്. ഈ പെർമിറ്റ് റദ്ദാക്കാൻ പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശിച്ചിട്ടും തുടർ നടപടികൾ ഉണ്ടായില്ല. കെട്ടിടത്തിന് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

കളമശേരി സ്വദേശി ഗിരീഷ് കുമാറിന്റെ പൊതുതാൽപര്യ ഹർജിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ചും അഴിമതി നിരോധന നിയമപ്രകാരവുമാണു വിജിലൻസ് കേസെടുത്തത്. കായലിൽനിന്ന് ഒന്നരമീറ്റർ പോലും അകലം പാലിക്കാതെയായിരുന്നു നിർമാണം. ഇക്കാര്യം അറിഞ്ഞിട്ടും നിർമാണം തടയാനോ, കാരണംകാണിക്കൽ നോട്ടിസ് കൊടുക്കാനോ അധികൃതർ തയാറായില്ല.

വിജിലൻസ് കോടതി പരിഗണിക്കുന്ന ഈ കേസിൽ അഴിമതി സംബന്ധിച്ച ആരോപണങ്ങളുമുണ്ട്. കേസിൽ ഒന്നു മുതൽ എട്ട് വരെ പ്രതികൾ മുളവുകാട് പഞ്ചായത്ത് മുൻ സെക്രട്ടറിമാരാണ്. ഒന്നാം പ്രതി കെ. പത്മിനി, രണ്ടാം പ്രതി പി.എം ഷഫീക്ക്, മൂന്നാം പ്രതി ജെസി ചെറിയാൻ, നാലാം പ്രതി കെ.വി മനോജ്, അഞ്ചാം പ്രതി എസ്. കൃഷ്ണകുമാരി, ആറാം പ്രതി പി.എസ് രാജൻ, ഏഴാം പ്രതി സലീമ, എട്ടാം പ്രതി ആർ മണിക്കുട്ടി എന്നിവരാണ്.