അവർ എന്റെ അമ്മയാണ് ,സ്വത്തിൽ അവകാശം നൽകണം ; പ്രശസ്ത ഗായികയ്‌ക്കെതിരെയുള്ള യുവതിയുടെ കേസ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

അവർ എന്റെ അമ്മയാണ് ,സ്വത്തിൽ അവകാശം നൽകണം ; പ്രശസ്ത ഗായികയ്‌ക്കെതിരെയുള്ള യുവതിയുടെ കേസ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

സ്വന്തം ലേഖകൻ

കൊച്ചി : ഗായിക അനുരാധ പദ്വാൾ തന്റെ അമ്മയാണെന്നും അതിനാൽ തനിക്ക് അവരുടെ സ്വത്തിൽ അവകാശം ഉണ്ടെന്നും ആരോപിച്ചുകൊണ്ട് വർക്കല സ്വദേശി സമർപ്പിച്ച ഹർജി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബ കോടതിയിൽ നിലവിലിരിക്കുന്ന കേസ് മുംബൈയിലേക്ക് മാറ്റണം എന്ന ഗായിക നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഇത്തരത്തിലുള്ള നടപടി കൈക്കൊണ്ടത്.

അനുരാധ തന്റെ അമ്മയാണെന്നും അവരുടെ സ്വത്തിൽ തനിക്ക് അവകാശമുണ്ടെന്നും കാണിച്ചുകൊണ്ട് വർക്കല സ്വദേശിയായ കർമ്മല മോഡക്‌സ് ആണ് തിരുവനന്തപുരം കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുരാധ പദ്വാൾ, അരുൺ പദ്വാൾ ദമ്പതികളുടെ മൂത്ത മകളായി ജനിച്ച തന്നെ സംഗീത രംഗത്തെ തിരക്കുകൾ കാരണമാണ് ഗായിക തന്റെ കുടുംബ സുഹൃത്തും സൈനികനായ വർക്കല സ്വദേശി പൊന്നച്ചനെ ഏൽപ്പിച്ചതെന്നും കർമ്മല പറയുന്നു. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ അനുരാധ കർമ്മലയെ കൂട്ടികൊണ്ടുപോകാൻ വന്നുവെങ്കിലും മാതാപിതാക്കളുടെ ഒപ്പം പോകാൻ കർമ്മല തയാറായില്ല. അതിനുശേഷം അനുരാധ സ്വന്തം മകളെ മറന്നുവെന്നാണ് ആരോപണം.

കർമ്മലയുടെ വിവാഹം നടത്തിയതും വളർത്തച്ഛനായ പൊന്നച്ചനാണ്. തന്റെ മരണസമയത്താണ് പൊന്നച്ചൻ അനുരാധയാണ് കർമ്മലയുടെ അമ്മ എന്ന് വെളിപ്പെടുത്തുന്നത്.

തുടർന്ന് കർമ്മല അനുരാധയെ സമീപിച്ചപ്പോൾ തന്റെ മറ്റ് രണ്ട് പെണ്മക്കൾ കർമ്മലയെ അംഗീകരിക്കാൻ തയ്യാറാകില്ല എന്ന് പറഞ്ഞുകൊണ്ട് ഗായിക തന്റെ മകളെ തഴയുകയായിരുന്നു. ഇതേ തുടർന്നാണ് കർമ്മല കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

ബാല്യ, കൗമാര, യൗവനങ്ങളിൽ തനിക്ക് ലഭിക്കേണ്ടിയിരുന്ന പരിചരണങ്ങൾ നിഷേധിക്കപ്പെട്ടതിനാൽ 50 കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കണമെന്നാണ് കർമ്മല തന്റെ ഹർജിയിൽ ആവശ്യപ്പെടുന്നത്.