play-sharp-fill
ഷിരൂർ : പശ്ചിമഘട്ടത്തിൽ പെയ്ത മഴയെ തുടർന്ന് പുഴയിൽ ഒഴുക്ക് കൂടുതൽ; സാഹചര്യം അനുകൂലമായാൽ ദൗത്യം തുടരുമെന്ന് സർക്കാർ

ഷിരൂർ : പശ്ചിമഘട്ടത്തിൽ പെയ്ത മഴയെ തുടർന്ന് പുഴയിൽ ഒഴുക്ക് കൂടുതൽ; സാഹചര്യം അനുകൂലമായാൽ ദൗത്യം തുടരുമെന്ന് സർക്കാർ

ബെംഗളൂരു : കർണാടകയിലെ അങ്കോളയ്ക്ക് അടുത്തുള്ള ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ വീണ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനായുള്ള തെരച്ചില്‍ അനുകൂലസാഹചര്യം വന്നാല്‍ തുടരാൻ തയ്യാറെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയില്‍.

ഇടവിട്ട് പശ്ചിമഘട്ടത്തില്‍ പെയ്ത മഴയില്‍ പുഴയിലെ ഒഴുക്ക് കൂടിയിരുന്നു. ഒരു മുങ്ങല്‍ സംഘത്തിന് ഇറങ്ങി തെരച്ചില്‍ നടത്താനുള്ള സാഹചര്യം ദിവസങ്ങളോളം ഉണ്ടായിരുന്നില്ലെന്നും മുങ്ങല്‍ വിദഗ്ധരുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് മുങ്ങലിന് അനുവദിക്കാനാകില്ലെന്നും സർക്കാർ കോടതിയില്‍ വാദിച്ചു.

നിലവില്‍ തെരച്ചിലിനുള്ള തടസ്സങ്ങളെന്തൊക്കെയെന്ന് കോടതി ആരാഞ്ഞു. എല്ലാ വിവരങ്ങളും സമഗ്രമായി സ്ഥിതി വിവരറിപ്പോർട്ടില്‍ നല്‍കിയിട്ടുണ്ടെന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു. മരിച്ചവർക്കുള്ള ധനസഹായമോ അവരുടെ കുടുംബങ്ങള്‍ക്കുള്ള പുനരധിവാസത്തിന്‍റെ വിവരങ്ങളോ ഉണ്ടോ എന്ന് കോടതി ചോദിച്ചു. അത് കൂടി ചേർത്ത് പുതിയ റിപ്പോർട്ട് നല്‍കാമെന്ന് സർക്കാർ അറിയിച്ചു. സർക്കാർ റിപ്പോർട്ടില്‍ എതിർവാദങ്ങള്‍ ഉണ്ടെങ്കില്‍ അത് സമർപ്പിക്കാൻ ഹർജിക്കാരോടും കോടതി നിർദേശിച്ചു. ഗംഗാവലിപ്പുഴയില്‍ ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയതായി ജില്ലാ ഭരണകൂടം സ്ഥിതിവിവര റിപ്പോർട്ടില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗോവയില്‍ നിന്ന് ഡ്രെഡ്ജർ കൊണ്ട് വരേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കാൻ പുഴയിലെ ഒഴുക്കും സ്ഥിതിയും അടക്കം അറിയാനാണ് ഹൈഡ്രോഗ്രാഫിക് പരിശോധന നടത്തിയത്. ഇതനുസരിച്ച്‌ ടഗ് ബോട്ടില്‍ ഡ്രെഡ്ജർ എത്തിക്കാനുള്ള റൂട്ട് തീരുമാനിച്ചു. മൊത്തത്തില്‍ ഇതിന് 96 ലക്ഷം രൂപ ചെലവ് വരും എന്നും കോടതിയില്‍ ജില്ലാ ഭരണകൂടം റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. കേസ് ഇനി സെപ്റ്റംബർ 18-ന് പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group