video
play-sharp-fill

ഹോട്ടലിൽ വെച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം ; പോലീസ് പരിശോധനയ്ക്കിടെ ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ; അന്വേഷണം തുടർന്ന് പോലീസ്

ഹോട്ടലിൽ വെച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം ; പോലീസ് പരിശോധനയ്ക്കിടെ ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ; അന്വേഷണം തുടർന്ന് പോലീസ്

Spread the love

കൊച്ചി : പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.

ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാൻസാഫ്  സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഷൈനിന് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

പോലീസ് പിടിച്ച്‌ ലഹരി പരിശോധനയ്ക്ക് ഹാജരാക്കിയാല്‍ കുടുങ്ങുമെന്ന തിരിച്ചറിവായിരുന്നു ഓട്ടത്തിന് പിന്നില്‍. മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമെന്ന പരാതിക്കിടെയായിരുന്നു ഡാന്‍സാഫിന്റെ നീക്കം. പ്രമുഖ നടനെതിരെ പോലീസ് റെയ്ഡിന് എത്തിയത് അതീവ രഹസ്യമായാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലെ ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗമാണ് വിവാദമാകുന്നത്. വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ പോലീസും ശക്തമായ നടപടി എടുക്കുമെന്നതിന്റെ സൂചനയായിരുന്നു ഡാന്‍സാഫിന്റെ നീക്കം. എറണാകുളത്തെ പിജിഎസ് വേദാന്ത ഹോട്ടലിലായിരുന്നു ഷൈന്‍ ടോം ചാക്കോ താമസിച്ചിരുന്നത്. കൊച്ചി നോര്‍ത്തിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലാണ് ഇത്.

സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിന്‍ സി.അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെയാണ് വിന്‍സിയുടെ പരാതി. ലഹരി ഉപയോഗിച്ച്‌ തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു സംഭവമെന്നും പരാതിയിലുണ്ട്.

താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിന്‍സി പരാതി നല്‍കിയിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയില്‍നിന്നുതന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഷൈന്‍ നിഷേധിച്ചിരുന്നു.

ഇതിനുപിന്നാലായാണിപ്പോള്‍ വിന്‍സി പരാതിയുമായി രംഗത്തെത്തിയത്. വിന്‍സിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് എക്‌സൈസും വിവരങ്ങള്‍ തേടും. വിന്‍സി മൊഴി നല്‍കിയാല്‍ കേസെടുക്കും. എന്റെ ഡ്രെസ്സില്‍ ഒരു പ്രശ്‌നം വന്ന് അത് ശരിയാക്കാന്‍ പോയപ്പോള്‍, ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നില്‍വെച്ച്‌ പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

അയാളുമായി സഹകരിച്ച്‌ മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം പറയുകയാണെങ്കില്‍, ഒരു സീന്‍ പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഈ നടന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. ഇതായിരുന്നു വിന്‍ സി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.

തുടര്‍ന്ന് താരസംഘടനയായ അമ്മ, ഫെഫ്ക, ഫിലിം ചേംബര്‍ എന്നിവര്‍ നടിക്ക് പിന്തുണയുമായെത്തിയിരുന്നു. വിന്‍ സി പരാതിയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്നാണ് ഡബ്ല്യുസിസിയുടെ നിലപാട്. വിന്‍ സി പരാമര്‍ശിച്ച സിനിമാ സെറ്റില്‍ ആഭ്യന്തര പരാതിപരിഹാര സമിതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിന്‍സിയോട് സെറ്റിലെ ആഭ്യന്തര പരാതിപരിഹാര സമിതിയില്‍ പരാതി നല്‍കാന്‍ ഫിലിം ചേംബര്‍ നിര്‍ദേശിച്ചിരുന്നു. പരാതിയുടെ പകര്‍പ്പ് ഫിലിം ചേംബര്‍ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.