video
play-sharp-fill
എസ്എച്ച് മൗണ്ടിലെ തട്ടിപ്പുകാരൻ റോബിനെതിരെ 11 കേസ്: രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ്; റോബിന്റെ വീട്ടിലും ഓഫിസിലും പൊലീസ് റെയിഡ്; തേർഡ് ഐ ന്യൂസ് ലൈവിലേയ്ക്കും പരാതിപ്രളയം

എസ്എച്ച് മൗണ്ടിലെ തട്ടിപ്പുകാരൻ റോബിനെതിരെ 11 കേസ്: രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ്; റോബിന്റെ വീട്ടിലും ഓഫിസിലും പൊലീസ് റെയിഡ്; തേർഡ് ഐ ന്യൂസ് ലൈവിലേയ്ക്കും പരാതിപ്രളയം

സ്വന്തം ലേഖകൻ
കോട്ടയം: എസ്.എച്ച് മൗണ്ടിലെ തട്ടിപ്പുകാരൻ റോബിൻ മാത്യുവിനെതിരെ ഗാന്ധിനഗർ പൊലീസ് രജിസ്റ്റർ ചെയ്തത് 11 കേസുകൾ. ഇന്നലെ മാത്രം 110 പേരാണ് ഗാന്ധിനഗർ പൊലീസിൽ പരാതിയുമായി എ്ത്തിയത്. ഇതോടെ പരാതിക്കാരുടെ എണ്ണം 251 ആയി ഉയർന്നു. 251 പേരിൽ നിന്നായി നാലു കോടി രൂപയ്ക്കു മുകളിൽ പ്രതി തട്ടിയെടുത്തതായാണ് പൊലീസ് കണക്കു കൂട്ടുന്നത്. രണ്ടു ദിവസമായി പൊലീസ് റോബിന്റെ എസ്.എച്ച് മൗണ്ടിലെ ഓഫിസിലും, കെപ്പുഴയിലെ വീട്ടിലും, എസ്.എച്ച് മൗണ്ടിലെ ഓഫിസിനു പിന്നിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും 90 ഇന്ത്യൻ പാസ്‌പോർട്ടുകളും, 61 സർട്ടിഫിക്കറ്റുകളും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. റോബിൻ അടക്കം അഞ്ചു പേരെ പൊലീസ് കേസിൽ പ്രതി ചേർത്തതായാണ് സൂചന ലഭിക്കുന്നത്. എന്നാൽ, പ്രതികൾ ആരൊക്കെയാണെന്ന കാര്യം പൊലീസ് ഇനിയും പുറത്തു വിട്ടിട്ടില്ല.

ഓൺലൈനിൽ പരസ്യം നൽകിയാണ് പ്രതി ആളുകളെ കണ്ടെത്തിയിരുന്നത്. ഫെയ്‌സ്ബുക്കിലും, വാട്‌സഅപ്പിലും സന്ദേശം പ്രചരിപ്പിച്ച ശേഷം വിളിക്കുന്ന ആളുകളെയാണ് പ്രതി തട്ടിപ്പിൽ കുടുക്കിയിരുന്നത്. ഇന്നലെ പരാതിയുമായി എത്തിയവരിൽ തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരും ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ പ്രതിയുടെ ഓഫിസിലും വീട്ടിലും നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും നിരവധി ആളുകളുടെ രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ രേഖകളുടെ അടിസ്ഥാനത്തിൽ പരാതിക്കാരെ ഫോണിൽ ബന്ധപ്പെട്ട് ഇവരിൽ നിന്നും പരാതി സ്വീകരിക്കുന്നുണ്ട്. പ്രതിയുടെ അക്കൗണ്ട് വിശദാംശങ്ങളും, ബാങ്ക് ഇടപാടുകളുടെ രേഖകളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതുകൂടി ലഭിക്കുന്നതോടെ പൊലീസ് സംഘം കൂടുതൽ നടപടികളിലേയ്ക്ക് കടക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ഇതിനിടെ വാർത്ത പുറത്ത് വന്ന തിങ്കളാഴ്ച രാവിലെ മുതൽ തന്നെ തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓഫിസുകളിൽ പ്രതിയ്‌ക്കെതിരെ പരാതിയുമായി നിരവധി ആളുകളാണ്് വിളിക്കുന്നത്. തേർഡ് ഐ ന്യൂസ് ലൈവാണ് തട്ടിപ്പ് സംബന്ധിച്ചുള്ള വാർത്ത ആദ്യം പുറത്തു വിട്ടത്. ഈ സാഹചര്യത്തിലാണ് ആളുകൾ സഹായത്തിനായി തേർഡ് ഐ ന്യൂസ് ലൈവിനെ ബന്ധപ്പെട്ടത്. പരാതിയുമായി സമീപിച്ചവർക്ക് തേർഡ് ഐ ന്യൂസ് ലൈവിന്റെ ലീഗൽ സെല്ലിൽ നിന്നുള്ള നിയമോപദേശം നൽകിയ ശേഷം പരാതി നൽകുന്നതിനു വേണ്ട സഹായം നൽകി. അമേരിക്ക, യുകെ, കാനഡ, ഗൾഫ് മേഖലകളിൽ നിന്നു നിരവധി ആളുകളാണ് ഫോണിൽ ബന്ധപ്പെട്ടത്.  ഇവരിൽ പലരും ബന്ധുക്കളുടെ പാസ്‌പോർട്ട് പുതുക്കുന്നതിനും, വിവിധ വിസയുടെ ആവശ്യങ്ങൾക്കുമായി ട്രാവൽ ഏജൻസിയിൽ നൽകിയവരാണ്. ഇവർക്കും പണവും രേഖകളും നഷ്ടമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ തേർഡ് ഐ ന്യൂസ് ലൈവിനെ ബന്ധപ്പെട്ടിട്ടുണ്ട്.