‘നമ്പര്‍ 18’ ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതികളിലൊരാളായ അഞ്ജലി ഒളിവിലെന്ന് പൊലീസ്; കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘം
സ്വന്തം ലേഖിക
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ‘നമ്പര്‍ 18’ ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികളിലൊരാളായ കോഴിക്കോട് സ്വദേശിനി അഞ്ജലി റീമദേവ് ഒളിവിലാണെന്ന് പൊലീസ്.
അഞ്ജലിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തി. പൊലീസില്‍ പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
ക്രൈംബ്രാഞ്ച് എ.സി.പി ബിജി ജോര്‍ജിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പെണ്‍കുട്ടികളെ കാറില്‍ ഹോട്ടലിലെത്തിച്ച സൈജു തങ്കച്ചനെ ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു.
എന്നാല്‍, ഹോട്ടലുടമ റോയ് ജെ. വയലാട്ട് കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ചോദ്യംചെയ്യലിന് ഹാജരായിട്ടില്ല. കേസില്‍ റോയ് വയലാട്ടിനും അഞ്ജലിക്കുമെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും തന്നെ കുടുക്കാന്‍ ശ്രമം നടക്കുകയാണെന്നുമുള്ള ആരോപണങ്ങളുമായി പ്രതി അഞ്ജലി രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് ആരോപണം.
താന്‍ കൊച്ചിയില്‍ പോയിട്ട് രണ്ട് വര്‍ഷമായി. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. 18 വയസ്സ് തികയാത്ത സ്വന്തം മകളെ കൂട്ടി ഈ സ്ത്രീ പല ബാറിലും പോയിട്ടുണ്ട്.
എന്‍റെ കൂടെയും വന്നിട്ടുണ്ട്. ‘നമ്പര്‍ 18’ ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ അറിയില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും അഞ്ജലി പറയുന്നു.