
തീപിടുത്തമുണ്ടായത് ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി കർട്ടനിൽ വീണ് ; വലിയ നാശനഷ്ടങ്ങളില്ലാതെ തീ അണയ്ക്കാനായെന്നും പി.ഡബ്ല്യൂ.ഡി റിപ്പോർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർക്കാരിനെ ഏറെ വിവാദത്തിലാക്കിയ സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത് ഫാനിൽ നിന്നെന്ന് പൊതുമരാമത്ത് വിഭാഗത്തിന്റെ റിപ്പോർട്ട്. ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി കർട്ടനിൽ വീണാണ് തീപിടിത്തമുണ്ടായതെന്ന് പിഡബ്ല്യൂഡി ചീഫ് എൻജിനിയർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
തീപിടുത്തത്തിൽ വലിയ നാശനഷ്ടങ്ങൾ ഇല്ലാതെ തീ അണയ്ക്കാനായെന്നും കെട്ടിട വിഭാഗം ചീഫ് എൻജിനിയർ നൽകിയ റിപ്പോർട്ടിലുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറിയെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റ് 24, 25 തീയതികളിൽ കോവിഡ് മാനദണ്ഡപ്രകാരം മുറി അണുവിമുക്തമാക്കാൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഫാനിന്റെ തകരാർ മൂലമാണു തീപിടിത്തം ഉണ്ടായതെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു.
വിശദമായ അന്വേഷണത്തിനായി മരാമത്ത് ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ ഉൾപ്പെടുന്ന വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കമ്മറ്റിയുടെ പരിശോധനയ്ക്കുശേഷം അന്തിമ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം തീപിടുത്തത്തിൽ പ്രധാന ഫയലുകൾ കത്തിനശിച്ചിട്ടില്ലെന്നു പ്രോട്ടോകോൾ വിഭാഗം അറിയിച്ചു.
ഗസ്റ്റ് ഹൗസുകളിലെ മുറി ബുക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പ്രധാനപ്പെട്ട ഫയലുകൾ സുരക്ഷിതമാണെന്നും പ്രോട്ടോകോൾ വിഭാഗം വ്യക്തമാക്കി. ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ പൊതുഭരണവകുപ്പിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.