മുൻ ഡിജിപി സെൻകുമാറിന്റെ ബിജെ.പി ബന്ധം ചൂണ്ടിക്കാട്ടി ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ആഞ്ഞടിച്ച മുഖ്യമന്ത്രിക്ക് എ.ഡി.ജി.പി അജിത്കുമാറിനെതിരായ ആരോപണത്തിൽ മൗനം; പോലീസിലെ സംഘ്പരിവാർ ബന്ധം മറനീക്കുമ്പോൾ മുഖ്യമന്ത്രിയുടെ പഴയ നിയമസഭ പ്രസംഗം ചർച്ചയാകുന്നു
തിരുവനന്തപുരം: പോലീസിലെ സംഘ്പരിവാർ ബന്ധം മറനീക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ നിയമസഭ പ്രസംഗം ചർച്ചയാകുന്നു. മുൻ ഡിജിപി സെൻകുമാറിന്റെ ബിജെ.പി ബന്ധം ചൂണ്ടിക്കാട്ടിയാണ് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി നിയമസഭയിൽ ആഞ്ഞടിച്ചത്.
‘സെൻകുമാർ മറ്റേ ആളുകളുടെ കൈയിലാണെന്നും വേറെ പാളയം തേടുകയാണെന്നുമായിരുന്നു’ അദ്ദേഹത്തിന്റെ വിമർശനം. മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെയും വിട്ടുവീഴ്ചക്ക് തയാറാകാതിരുന്ന മുഖ്യമന്ത്രിയാണ് എ.ഡി.ജി.പി അജിത്കുമാറിനെതിരായ ആരോപണത്തിൽ മൗനം തുടരുന്നത്.
സർവിസിലിരിക്കെ എ.ഡി.ജി.പി എം.എആർ. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവരുമ്പോൾ, മുൻ ഡി.ജി.പിമാരായ ടി.പി. സെൻകുമാറും ജേക്കബ് തോമസും സർവിസ് കാലത്ത് സംഘ്പരിവാർ ബന്ധം മറച്ചു പിടിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന പോലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാർ സമൂഹമാധ്യമങ്ങളിലെ സംഘ്പരിവാർ പ്രചാരകനാണ്. സെൻകുമാർ സംസ്ഥാന സർക്കാറിനെ അപകീർത്തിപെടുത്തിയെന്നും ബി.ജെ.പിയുടെ കൈയിലാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് മൂന്നാം നാൾ സംസ്ഥാന പോലീസ് മേധാവി കസേര തെറിക്കുകയും ചെയ്തു.
ജിഷ വധക്കേസിലും പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിലും പോലീസിനു വീഴ്ച ഉണ്ടായെന്നും ഡി.ജി.പിയുടെ കഴിവുകേടാണ് കാരണമെന്നുമുള്ള ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പദവി മാറ്റം. 11 മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ സെൻകുമാർ വീണ്ടും അതേ കസേരയിലെത്തി.
പിണറായി സർക്കാറിന്റെ കാലത്ത് വിരമിച്ച് ബി.ജെ.പിയിൽ ചേർന്നയാളാണ് ജേക്കബ് തോമസ്. 2017ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഡയറക്ടർ ജനറലായിരിക്കെ ഓഖി ദുരന്തത്തിൽ സർക്കാർ വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് അദ്ദേഹം ആദ്യം സസ്പെൻഷനിലായത്. സർവിസിൽ മുഴുവൻ മികച്ച ഉദ്യോഗസ്ഥനെന്ന ഖ്യാതി നേടിയ ജേക്കബ് തോമസിനെതിരായ നടപടി വിമർശനത്തിനിടയാക്കി.
‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു 2018ൽ വീണ്ടും സസ്പെൻഷൻ. പിന്നീട് അത് ആറുമാസം കൂടി നീട്ടി. രണ്ടുവർഷത്തെ സസ്പെൻഷനിടെ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി നേടി മെറ്റൽ ഇൻഡസ്ട്രീസിലെ തലപ്പത്ത് നിയമനം നേടി. പൊലീസ് സേനയിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യം പരിഗണിക്കാതെയായിരുന്നു നിയമനം നൽകിയത്.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ ഡി.ജി.പി ലോക് നാഥ് ബെഹ്റക്കെതിരെയും സംഘ്പരിവാർ ആരോപണമുയർന്നിരുന്നു. വിരമിച്ചിട്ടും കൊച്ചിൻ മെട്രോയുടെ മേധാവിയാക്കിയത് വിമർശനത്തിനിടയാക്കുകയും ചെയ്തു. സി.പി.എം- ആർ.എസ്.എസ് ബന്ധത്തിന്റെ ഇടനിലക്കാരനാണ് ബെഹ്റയെന്നായിരുന്നു കോൺഗ്രസ് ആരോപണം. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തിന്റെ സൂത്രധാരനായും ബെഹ്റയുടെ പേര് ഉയർന്നുകേട്ടു. പിണറായി പാർട്ടി സെക്രട്ടറി ആയിരുന്ന കാലത്താണ് സി.പി.എം എം.എൽ.എ ആയിരുന്ന അൽഫോൺസ് കണ്ണന്താനം ബി.ജെ.പിയിൽ പോയതും ലാവലിൻ കേസ് വിചാരണ നീട്ടിക്കിട്ടാൻ ബെഹ്റ മുഖ്യമന്ത്രിയെ സഹായിച്ചെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.