
അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്. രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ എന്ന പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സാന്‍ഡിയാഗോയിലെ ഏറ്റവും വലിയ മസ്ജിദാണ് ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ. അവിടെയാണ് ആക്രമണമുണ്ടായത്. രണ്ട് കൗമാരക്കാരായ ആളുകളാണ് പള്ളിക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്ത് വച്ചുതന്നെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടന്ന് തൊട്ടുപിന്നാലെ, തൊട്ടടുത്തുള്ള ഒരു തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ 17, 19 വയസ് പ്രായമുള്ള രണ്ട് കൗമാരക്കാരുടെ മൃതദേഹങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇദ്ദേഹം കൃത്യമായി ഇടപെട്ടതുകൊണ്ടാണ് കൂടുതല്‍ പേര്‍ അക്രമത്തിന് ഇരയാകാഞ്ഞതെന്നാണ് വിവരം. ഇതൊരു വിദ്വേഷ കുറ്റകൃത്യമായിട്ടാണ് പൊലീസ് പറയുന്നത്. അക്രമകള്‍ സഞ്ചരിച്ച കാറില്‍ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട രേഖകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. എഫ്ബിഎ ഉള്‍പ്പടെയുള്ള ഉന്നത അന്വേഷണ ഏജന്‍സികള്‍ സ്ഥലത്തെത്തി ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






