സച്ചിനെയും മറികടന്ന് രാഹുൽ; ബംഗളൂരുവിനെ അടിച്ചു പറപ്പിച്ച് ദുബായ് ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറി; രാഹുലിനു മുന്നിൽ വീണ് കോഹ്ലിയും കൂട്ടരും

സ്‌പോട്‌സ് ഡെസ്‌ക്

ദുബൈ: ഇന്ത്യൻ ടീമിലെ തന്റെ നായകൻ വിരാട് കോഹ്്‌ലി രണ്ടു തവണ കൈനീട്ടി വിട്ടു നൽകിയ ജീവൻ സെഞ്ച്വറിയിൽ എത്തിച്ച് പഞ്ചാബ് കിംങ്‌സ് നായകൻ കെ.എൽ രാഹുൽ. ഏറ്റവും വേഗത്തിൽ ഐപിഎല്ലിലെ രണ്ടായിരം റൺസെന്ന റെക്കോർഡ് സച്ചിനേക്കാൾ വേഗം മറികടന്ന രാഹുൽ തന്റെ 60 ആം മത്സരത്തിലാണ് രണ്ടായിരം റൺസ് തികയ്ക്കുന്നത്. സച്ചിന് 63 മത്സരങ്ങൾ വേണ്ടി വന്നപ്പോഴാണിത്. ഇതിനൊപ്പം ഐപിൽ പതിമൂന്നാം എഡിഷനിലെ ആദ്യ സെഞ്ച്വറിയും രാഹുൽ സ്വന്തം പേരിൽ എഴുതി.

രാഹുലിൻറെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിന് മിന്നുന്ന വിജയം. 97 റൺസിനാണ് പഞ്ചാബിൻറെ തകർപ്പൻ ജയം. പഞ്ചാബ് ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻറെ ഇന്നിംഗ്‌സ് 17 ഓവറിൽ 109 റൺസിൽ അവസാനിക്കുകയായിരുന്നു. 30 റൺസെടുത്ത വാഷിങ്ടൺ സുന്ദറും 28 റൺസെടുത്ത എബി ഡിവില്ലിയേഴ്‌സും മാത്രമാണ് തിളങ്ങിയത്. നായകൻ വിരാട് കോഹ്ലി ഒരു റൺസെടുത്ത് പുറത്തായി. മൂന്നു വിക്കറ്റെടുത്ത രവി ബിഷ്‌നോയിയും രണ്ടു വിക്കറ്റെടുത്ത സെൽഡൻ കോട്‌റലും ചേർന്നാണ് ബാംഗ്ലൂരിനെ തകർത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നായകൻ കെ.എൽ രാഹുലിൻറെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടിച്ചുകൂട്ടി. 68 പന്ത് നേരിട്ട രാഹുൽ 132 റൺസെടുത്തു പുറത്താകാതെ നിന്നു.

ഏഴു സിക്‌സറും 14 ബൌണ്ടറികളും ഉൾപ്പെടുന്നതായിരുന്നു രാഹുലിൻറെ ഇന്നിഗ്‌സ്. ഐപിഎൽ ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് രാഹുൽ ഇന്ന് നേടിയത്. ഐപിഎൽ ചരിത്രത്തിൽ രാഹുലിൻറെ രണ്ടാമത്തെ സെഞ്ച്വറിയുമായിരുന്നു ഇത്. രാഹുലിനെ കൂടാതെ 26 റൺസെടുത്ത മായങ്ക് അഗർവാളാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്. രാഹുലും മായങ്കും ചേർന്നു ഭേദപ്പെട്ട തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ പിന്നീട വന്നവർക്ക് കാര്യമായ പ്രകടനം നടത്താനായില്ല. ഒരു വശത്ത് ഉറച്ചുനിന്ന കെ.എൽ രാഹുൽ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്.

അവസാന ഓവറുകളിൽ ആഞ്ഞടിച്ച രാഹുൽ 62 പന്തിലാണ് തൻറെ രണ്ടാം ഐപിഎൽ സെഞ്ച്വറി തികച്ചത്. ബാംഗ്ലൂരിനുവേണ്ടി 12 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ശിവം ദുബെയും 25 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലുമാണ് ബൌളിങ്ങിൽ തിളങ്ങിയത്.

സെപ്റ്റംബർ 27ന് ഷാർജയിൽ രാജസഥാൻ റോയൽസിനെതിരെയാണ് കിങ്‌സ് ഇലവൻ പഞ്ചാബിൻറെ അടുത്ത മത്സരം. സെപ്റ്റംബർ 28ന് ദുബായിൽ മുംബൈ ഇന്ത്യൻസിനെതിരെയാണ് റോയൽ ചലഞ്ചേഴ്‌സിൻറെ അടുത്ത മത്സരം.