ഈരയിൽക്കടവിൽ മാലിന്യം തള്ളൽ അതിരൂക്ഷം..! ചാക്ക് കണക്കിന് കോഴിമാലിന്യം ഈരയിൽക്കടവിൽ തള്ളി; ഈരയിൽക്കടവിൽ ഇപ്പോഴും ഇരുട്ട് തുടരുന്നു; പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്; വീഡിയോ റിപ്പോർട്ട് തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഓണത്തിനു ശേഷം വരുമെന്നു പറഞ്ഞ വെളിച്ചം തെളിയാതെ വന്നതോടെ ഈരയിൽക്കടവ് വീണ്ടും ഇരുട്ടിൽ തന്നെ. ഈരയിൽക്കടവിൽ ഇരുട്ടിന്റെ മറവിൽ വ്യാപകമായി കോഴിക്കടയിലെ മാലിന്യം തള്ളി. അതിരൂക്ഷമായുള്ള മാലിന്യം തള്ളിയതോടെ ഈരയിൽക്കടവിലൂടെയുള്ള യാത്ര പോലും ദുരിത പൂർണമായി. ഇവിടെ മാലിന്യം മൂലം രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. വീഡിയോ ഇവിടെ കാണാം-

ഈരയിൽക്കടവിൽ ലൈറ്റ് തെളിക്കാൻ സി.പി.എമ്മും കൗൺസിലർമാരും അനുവദിക്കുന്നില്ലെന്നാരോപിച്ച് ഇതിനിടെ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സി.പി.എമ്മിനും കെ.എസ്.ഇ.ബിയ്ക്കും സർക്കാരിനുമെതിരെ സെപ്റ്റംബർ 26 ന് സമരം നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ്. സമരത്തിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വത്തിൽ പൂവൻതുരുത്ത് കെ.എസ്.ഇബി ഓഫിസിലേയ്ക്കു മാർച്ച് നടത്തും.

ഈരയിൽ കടവ് മണിപ്പുഴ ബൈപ്പാസ് റോഡിന്റെ ഉദ്ഘാടന വേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നഗരസഭയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇതുവഴി ലൈറ്റ് സ്ഥാപിക്കുന്നതിനു ലൈൻ വലിയ്ക്കാൻ നടപടിയെടുത്തതെന്നു കോൺഗ്രസ് അവകാശപ്പെടുന്നു. എന്നാൽ, ഈ ലൈറ്റ് മാറ്റുന്ന ജോലികൾ പൂർത്തിയാക്കാൻ സിപിഎം കൗൺസിലർമാർ സമ്മതിക്കുന്നില്ലെന്നാണ് കോൺഗ്രസിന്റെ വാദം.

പുതിയ ലൈൻ വലിച്ചു സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് നഗരസഭ കെഎസ്ഇബിയിൽ അടച്ചിട്ടു മാസങ്ങൾ കഴിഞ്ഞു. കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥരും ചില കൗൺസിലർമാരും ഒത്തുകളിച്ചെന്റെ ഭാഗമായി വികസനം തടസ്സപ്പെടുകയും ഇതുവരെ യാതൊരു നടപടിയും കെഎസ്ഇബി എടുത്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സമര പരിപാടികൾ ആരംഭിക്കാൻ പോകുകയാണെന്നാണ് കോൺഗ്രസ് പറയുന്നത്.

ഇതിന്റെ ഭാഗമായി സെപ്റ്റംബർ മാസം 26ആം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കെഎസ്ഇബി പൂവന്തുരുത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. നാട്ടകം, കൊല്ലാട്, കോട്ടയം ഈസ്റ്റ് മണ്ഡലം കമ്മിറ്റികൾ നേതൃത്വം നൽകും. ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കെപിസിസി ഡിസിസി നേതാക്കന്മാർ പങ്കെടുക്കും.

എന്നാൽ, രാഷ്ട്രീയ പോര് മുറുകുന്നതിനിടെ മാലിന്യം തള്ളുന്ന മാഫിയ സംഘം തങ്ങളുടെ പണി മടിയൊന്നും കൂടാതെ ചെയ്യുന്നുമുണ്ട്. കഴിഞ്ഞ ദിവസം ബക്കറ്റിൽ നിറച്ച മാലിന്യം റോഡരികിലെ കലുങ്കിൻ ചുവട്ടിലെ തോട്ടിലാണ് തള്ളിയത്. ബക്കറ്റ് സഹിതം കോഴിയുടെ അവശിഷ്ടങ്ങളാണ് ഇവിടെ തള്ളിയത്. പ്രദേശത്തു കൂടി നടക്കാവാത്ത അതിരൂക്ഷമായ ദുർഗന്ധമാണ്. ഈരയിൽക്കടവ് റോഡിൽ രാത്രിയിൽ വെളിച്ചമില്ലാത്തതാണ് ഈ സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്കു തണലാകുന്നത്.

രാത്രിയുടെ മറവിലെത്തുന്ന ആളുകളാണ് ഇവിടെ റോഡരികിൽ മാലിന്യം തള്ളുന്നത്. നേരത്തെ ബൈപ്പാസിന്റെ മധ്യഭാഗത്ത് കോടിമത – മുപ്പായിക്കാട് റോഡിൽ ഒരു ലോഡ് മാലിന്യം തള്ളിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇപ്പോൾ കോഴിമാലിന്യം പോലും തള്ളിയിരിക്കുന്നത്. ഇവിടെ നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.