
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ സമഗ്ര അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.
എസ്‌ഐടി തലവൻ എസ്.പി എസ് ശശിധരൻ നേരിട്ട് ഹാജരായാണ് റിപ്പോർട്ട് സമർപ്പിച്ചത്. അടച്ചിട്ട കോടതിമുറിയില്‍ തുടർനടപടികള്‍ പുരോഗമിക്കുകയാണ്.
2019ലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവും നടപടിക്രമങ്ങളും എസ്‌ഐടി ഇതോടെ പൂർത്തിയാക്കുകയാണ്. റിപ്പോർട്ടില്‍ 2025ല്‍ സ്വർണപാളികള്‍ കൊണ്ടുപോയതിലെ ക്രമക്കേടും വീഴ്ചകളും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഈ ഇടപാടുകളില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനും മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ പ്രതിയാക്കാനും സാധ്യതയുണ്ട്.
സ്വർണപ്പാളി കൊണ്ടുപോകാനുള്ള അനുമതി നല്‍കാനുള്ള ഫയല്‍ 2024ല്‍ രൂപപ്പെട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ഹൈക്കോടതിയുടെ യാതൊരു അനുമതിയും വാങ്ങാതെയാണ് 2025ല്‍ ദ്വാരപാലക ശില്‍പങ്ങളും കട്ടിളപ്പാളികളും സ്വര്‍ണം പൂശാനായി നല്‍കിയതെന്നാണ് എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കഴിഞ്ഞദിവസം പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. രേഖകളും തെളിവുകളും ഒന്നുകൂടി പരിശോധിച്ച് ഉറപ്പാക്കാനും പ്രതിയില്‍ നിന്ന് കൂടുതല്‍ വ്യക്തത വരുത്താനും വേണ്ടിയാണ് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ എട്ട് മണിക്കൂർ ചോദ്യം ചെയ്തത്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
സ്മാർട്ട് ക്രിയേഷൻസുമായി നടത്തിയ ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത തേടിയതായും സൂചനയുണ്ട്. 2019ല്‍ സ്വർണം പൂശിക്കൊണ്ടുവന്ന ശില്‍പ്പങ്ങള്‍ ആറു വർഷത്തിനകം എങ്ങനെ നിറം മങ്ങിയെന്നതിനും വ്യക്തത തേടി. പി.എസ്.പ്രശാന്തിന്റെ കാലത്ത് സ്വർണപ്പാളികള്‍ കൊണ്ടുപോയതിനു പിന്നില്‍ വീഴ്ചയും ക്രമക്കേടുമുണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമായിട്ടുണ്ടോ എന്നതും അന്വേഷിച്ചു.







