
മംഗലാപുരം : മംഗലാപുരത്ത് സിനിമയെ വെല്ലുന്ന കവർച്ച. മഹാരാഷ്ട്രയിൽ നിന്നും വിവാഹച്ചടങ്ങിൽ പങ്കെടുത്ത് കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി സ്വർണ വ്യാപാരിക്ക് നേരെയാണ് കവർച്ച സംഘത്തിന്റെ ആക്രമണം. സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് സംഭവം. പയ്യന്നൂർ സ്വദേശിയായ വികാസും കുടുംബവുമാണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്. മൂന്ന് കാറുകളിലായി എത്തിയ സംഘമാണ് കുടുംബം സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി കവർച്ച നടത്തിയത്.
പനമ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 180 ഗ്രാം സ്വർണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവർന്നതായി വികാസ് പറയുന്നു. പരാതി പ്രകാരം, വാഹനം തടഞ്ഞുനിർത്തിയ സംഘം വികാസിനെ കാറുൾപ്പെടെ തട്ടിക്കൊണ്ടുപോയി. ഭാര്യയെയും മകനെയും വഴിയിൽ ഇറക്കിവിട്ടു. തുടർന്ന് വികാസ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ മലയാളി ബന്ധം ഉണ്ടാകാമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കവർച്ചയ്ക്കായി ഉപയോഗിച്ച മൂന്ന് വാഹനങ്ങളിൽ രണ്ടെണ്ണം കേരള രജിസ്ട്രേഷനിലുള്ള ഇന്നോവ കാറുകളാണെന്നും മറ്റൊന്ന് കർണാടക രജിസ്ട്രേഷനിലുള്ള സ്വിഫ്റ്റ് കാറാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






