
ശബരിമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ സ്പെഷ്യൽ സർവീസ് എന്ന പേരിൽ കൂടുതൽ നിരക്ക് ഈടാക്കുന്നുവെന്ന് പരാതി; ഘട്ട് റോഡിൽ 25 ശതമാനം അധികചാർജ് ഈടാക്കാനുള്ള അനുമതി നേരത്തേയുണ്ടെന്ന് കെഎസ്ആർടിസി; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: ശബരിമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾക്ക് കൂടുതൽ നിരക്ക് ഈടാക്കുന്നുവെന്ന പരാതിയിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സ്പെഷ്യൽ സർവീസ് എന്ന പേരിൽ കൂടിയനിരക്ക് ഈടാക്കുന്നുവെന്ന പരാതിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് സ്വമേധയാ പരിഗണിച്ചത്.
എരുമേലി, റാന്നി, പത്തനംതിട്ട, കോട്ടയം തുടങ്ങിയ സ്ഥലത്തേക്ക് നിലവിലുണ്ടായിരുന്ന സർവീസുകൾ പമ്പവരെ നീട്ടി എല്ലാം സ്പെഷ്യൽ സർവീസായി മാറ്റിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. കൂടുതൽ വിശദീകരണത്തിന് കെ.എസ്.ആർ.ടി.സി. സമയം തേടിയതിനെത്തുടർന്ന് വിഷയം വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
ശബരിമലയിലേക്കുള്ളതെല്ലാം സ്പെഷ്യൽ സർവീസാണെന്ന് കെ.എസ്.ആർ.ടി.സി. വിശദീകരിച്ചു. മലയോരങ്ങളിലൂടെ കടന്നുപോകുന്ന സ്ഥലത്ത് ഘട്ട് റോഡ് എന്നത് കണക്കിലെടുത്ത് 25 ശതമാനം അധികചാർജ് ഈടാക്കുന്നുണ്ട്. ളാഹ മുതൽ പമ്പവരെയും എരുമേലി മുതൽ പമ്പവരെയുമാണ് ഇത്തരത്തിൽ കൂടിയ നിരക്ക് ഈടാക്കുന്നത്. ഇതിനുപുറമെ 30 ശതമാനം കൂടിയ നിരക്കുമാണ് ബസ് ചാർജ് ഇനത്തിൽ ഈടാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാം സ്പെഷ്യൽ സർവീസായി കണക്കാക്കാനാകുമോ എന്ന് കോടതി ആരാഞ്ഞു. നിലവിലുള്ള സർവീസുകൾ എങ്ങനെയാണ് സ്പെഷ്യൽ സർവീസായി പരിഗണിക്കാനാകുന്നത്, പുതിയതായി ആരംഭിച്ച സർവീസുകളെ സ്പെഷ്യൽ സർവീസായി കണക്കാക്കുന്നതിൽ തെറ്റില്ലെന്നും ഇത്തരത്തിലുള്ള തീരുമാനങ്ങൾ യുക്തിസഹമാകണമെന്നും കോടതി പറഞ്ഞു.
നിലയ്ക്കലിൽനിന്ന് പമ്പവരെ 36 സീറ്റുകളുള്ള ലോ ഫ്ലോർ സർവീസുകളാണെന്ന് കെ.എസ്.ആർ.ടി.സി. വിശദീകരിച്ചു. തിരുവനന്തപുരത്തുനിന്ന് ശബരിമലവരെ 187 കിലോമീറ്ററാണ് ദൂരം. ഇതിൽ 47.9 കിലോമീറ്റർ ഘട്ട് റോഡാണ്. ഘട്ട് റോഡിൽ 25 ശതമാനം അധികചാർജ് ഈടാക്കാനുള്ള അനുമതി നേരത്തേയുണ്ട്. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാരും സമയം തേടി.