
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ശബരിമലയിലെ കട്ടിളപ്പാളിയും ദ്വാരപാലക പാളികളും ജയറാമിന്റെ വീട്ടില്‍ എത്തിച്ച് നടത്തിയ പൂജകളില്‍ ഉണ്ടായ വൈരുദ്ധ്യങ്ങള്‍ പരിശോധിക്കാനാണ് നടപടി.
സ്വര്‍ണവാതില്‍, ദ്വാരപാലക പാളികള്‍, ശ്രീകോവിലിലെ കട്ടിളപ്പാളി എന്നിവയുമായി ബന്ധപ്പെട്ടാണ് സ്വര്‍ണക്കൊള്ള നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.
2019 ജൂണില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടന്ന കട്ടിളപ്പാളിയുടെ പൂജയിലും സെപ്തംബറില്‍ ജയറാമിന്റെ വീട്ടില്‍ നടന്ന ദ്വാരപാലക പാളികളുടെ പൂജയിലും നടന്‍ ജയറാം പങ്കെടുത്തിരുന്നു. ഈ പൂജകളുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപൂജകളും ഒരേ ദിവസമാണ് നടന്നതെന്ന് ജയറാം മൊഴി നല്‍കിയിരുന്നുവെങ്കിലും, വ്യത്യസ്ത ദിവസങ്ങളിലായിരുന്നു പൂജകള്‍ നടന്നതെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴികളിലെ വൈരുദ്ധ്യം വ്യക്തമാക്കാനാണ് വീണ്ടും ചോദ്യം ചെയ്യല്‍.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് ജയറാം സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പൂജയില്‍ പങ്കെടുത്തതെന്നും, പിന്നീട് ശബരിമലയിലേക്ക് കൊണ്ടുപോകുന്നതിനിടെ പാളികള്‍ വീണ്ടും ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയതായും ജയറാം മൊഴി നല്‍കിയിട്ടുണ്ട്. ദ്വാരപാലക പാളികള്‍ ചീത്തയാകാതിരിക്കാനായി ജയറാമിന്റെ വീട്ടില്‍ വെച്ചാണ് പലകയില്‍ അടിച്ചതെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയില്‍ പറയുന്നു.
ഇവയുടെ അടിസ്ഥാനത്തിലാണ് ജയറാമില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിക്കുന്നത്.







