ശബരിമല തിരുവാഭരണ കണക്കെടുപ്പ് : റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ സുപ്രീംകോടതി നിയമിച്ചു
സ്വന്തം ലേഖകൻ
ഡൽഹി: ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പിനായി വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ സുപ്രീംകോടതി നിയമിച്ചു. നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശം. സർക്കാരാണ് ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ പേര് നിർദേശിച്ചത്.
തിരുവാഭരണം ശബരിമല അയ്യപ്പന്റെ സ്വത്താണെന്നും അത് ഏറ്റെടുക്കാൻ താൽപര്യപ്പെടുന്നില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. തിരുവാഭരണം സുരക്ഷിതമായിരിക്കണമെന്നാണ് നിലപാടെന്നും സർക്കാർ വ്യക്തമാക്കി. തിരുവാഭരണത്തിന്റെ മൂല്യം പരിശോധിക്കേണ്ടതില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവാഭരണത്തിന്റെ മേൽനോട്ടാവകാശം ആർക്കെന്നതിൽ പന്തളം രാജകുടുംബാംഗങ്ങൾക്കിടയിൽ തർക്കം മുറുകിയതോടെയാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്. തിരുവാഭരണത്തിന്റെ സുരക്ഷയിൽ കോടതിക്ക് ആശങ്കയുണ്ടെന്ന് ജ.രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആദ്യം തിരുവാഭരണം മുഴുവനായി ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിന്റെ എണ്ണം വ്യക്തമാക്കുന്നതിനാണ് ജ. സി.എൻ.രാമചന്ദ്രൻനായരെ നിയമിക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിനെ അനുമതി നൽകിയത്.
തിരുവാഭരണത്തിന്റെ ചുമതല സംബന്ധിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സംശയം പ്രകടിപ്പിച്ച കോടതി ഇതിന്റെ വിശ്വാസ്യത പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ ജഡ്ജിയെ പ്രത്യേക പ്രതിനിധിയായി ചുമതലപ്പെടുത്തി. 2006 ജൂണിൽ ശബരിമലയിൽ നടന്ന ദേവപ്രശ്നം ശരിവച്ച് അതേ വർഷം ഒക്ടോബർ 5ന് ഹൈക്കോടതി നൽകിയ വിധിക്കെതിരെയാണ് ഹർജി. കേസ് നാലാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.