play-sharp-fill
മൂന്നാം ഏകദിനം: ഓസീസ് 230 ന് പുറത്ത്; ചാഹലിന് ആറ് വിക്കറ്റ്

മൂന്നാം ഏകദിനം: ഓസീസ് 230 ന് പുറത്ത്; ചാഹലിന് ആറ് വിക്കറ്റ്

സ്‌പോട്‌സ് ഡെസ്‌ക്

മെൽബൺ: മെൽബൺ ക്രിക്കറ്റ് മൈതാനത്ത് ചഹലിന്റെ സ്പിൻ പന്തിനു മുന്നിൽ ഓസീസ് ബാറ്റിംഗ് നിര കറങ്ങി വീണു. പത്ത് ഓവറിൽ 42 റൺ വഴങ്ങി ആറ് വിക്കറ്റ് പിഴുത യുഷ് വേന്ദ്ര ചഹലിനു മുന്നിൽ ഓസീസ് മുൻനിര തകർന്നടിഞ്ഞു. ഭുവനേശ്വർകുമാറും മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയതോടെ ഓസീസ് 230 ന് പുറത്തായി. ഒരു ഓവറും രണ്ടു പന്തും ബാക്കി നിൽക്കെയാണ് ഓസീസ് നിരയെ ഇന്ത്യ കെട്ടുകെട്ടിച്ചത്. 
മെൽബൺ ക്രിക്കറ്റ് മൈതാനത്ത് ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കോഹ്ലിയുടെ തീരുമാനം ശരിയാമെന്ന് രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ തന്നെ തെളിഞ്ഞു. ഓപ്പണർ ക്യാരിയെ ക്യാപ്റ്റൻ കോഹ്ലിയുടെ കയ്യിലെത്തിച്ച് ഭുവനേശ്വർകുമാർ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റ് വീഴുമ്പോൾ സ്‌കോർ ബോർഡിൽ എട്ട് റൺസ് മാത്രമായിരുന്നു ഓസീസിനുണ്ടായിരുന്നത്. 27 ന് ആരോൺ ഫിഞ്ചിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഭുവനേശ്വർകുമാർ വീണ്ടും അഞ്ഞടിച്ചു. പിന്നീട് നടന്നത് ചഹലിന്റെ തേരോട്ടമായിരുന്നു. നിലയുറപ്പിക്കാൻ ശ്രമിച്ച ഉസ്മാൻ ഖവാജ (51 പന്തിൽ 34), ഷോൺ മാർഷ് (54 പന്തിൽ 39) സഖ്യത്തെ സ്‌കോർ നൂറിൽ നിൽക്കുമ്പോൾ ചഹൽ പറപ്പിച്ചു. മാർഷിന്റെ ശ്രദ്ധയൊന്ന് പാളിയ സമയം മുതലെടുത്ത് ധോണി സ്റ്റമ്പ് തെറുപ്പിച്ചപ്പോൾ, ഖവാജയെ സ്വന്തം ബൗളിംഗിൽ ചഹൽ പിടികൂടുകയായിരുന്നു. 
സ്റ്റോണിസിനെ ശർമ്മയുടെ കയ്യിലും (20 പന്തിൽ 10), റിച്ചാർഡ്‌സണിനെ (23 പന്തിൽ 16) കേദാർ ജാദവിന്റെ കയ്യിലും, പ്രതിരോധിച്ച  നിന്ന പീറ്റർ ഹാൻഡ്‌കോമ്പിനെ (63 പന്തിൽ 58) വിക്കറ്റിനു മുന്നിൽ കുടുക്കുകയും,  എ സാമ്പയെ (14 പന്തിൽ 8) വിജയ് ശങ്കറിന്റെ കൈകളിലും എത്തിച്ചതോടെ ചഹൽ ആറു വിക്കറ്റ് തികച്ചു. അപകടകാരിയായി അടിച്ചു കളിച്ച മാക്‌സ് വെല്ലിനെ (19 പന്തിൽ 26) ഭുവനേശ്വർകുമാറിന്റെ കയ്യിൽ എത്തിച്ച മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് കൂടുതൽ അപകടം ഒഴിവാക്കി. രണ്ട് പന്തിൽ പൂജ്യനായി നിന്ന സ്റ്റാങ്കിളിന്റെ കുറ്റി ഷമി തന്നെ തെറിപ്പിച്ചതോടെ  ഓസീസ് ഇന്നിംഗ്‌സിന് തിരശീല വീണു. 100 റൺ തികയ്ക്കുമ്പോൾ രണ്ട് വിക്കറ്റ് മാത്രമുണ്ടായിരുന്ന ഓസീസ് ചഹലിന്റെ മാന്ത്രിക സ്പിന്നിനു മുന്നിൽ 130 റണ്ണെടുക്കുമ്പോഴേയ്ക്കും കറങ്ങി വീഴുകയായിരുന്നു.