ശബരിമല ദർശനം: സംഘപരിവാർ ഭീഷണി നേരിടുന്ന ബിന്ദുവിനും കനകദുർഗയ്ക്കും സംരക്ഷണം നൽകാൻ സുപ്രീം കോടതി നിർദേശം; ജീവന് ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം; തന്ത്രിക്കെതിരായ നടപടി പിന്നീട് പരിഗണിക്കും; ശബരിമലയിൽ അൻപത്ത് ഒന്ന് യുവതികൾ ദർശനം നടത്തിയെന്ന് സർക്കാർ; തേർഡ് ഐ ന്യൂസ് വാർത്ത ശരിവച്ച് സംസ്ഥാന സർക്കാരും
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വനിതാ മതിലിനു പിന്നാലെ ജനുവരി രണ്ടിന് ശബരിമലയിൽ കയറിയ രണ്ടു യുവതികളായ ബിന്ദുവിനും കനകദുർഗയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ സുപ്രീം കോടതി നിർദേശം. ശബരിമലയിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ദർശനം നടത്തിയ ശേഷം സംഘപരിവാർ ഭീഷണി നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി ഇരുവരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കോടതി ഇരുവർക്കും പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടത്. ഇതിനിടെ ശബരിമലയിൽ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ശബരിമലയിൽ 51 യുവതികൾ പ്രവേശിച്ചതായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാർ ഈ യുവതികളുടെ കണക്ക് എടുത്തതായും, കോടതിയിൽ ഈ കണക്ക് സമർപ്പിക്കുമെന്നും നേരത്തെ തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശരിവയ്ക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് നേരത്തെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്ത് വിട്ടിരുന്നത്.
സുപ്രീം കോടതി ഭരണഘടനാ ബഞ്ചിനെ തന്നെയാണ് ഇവർ ഈ ആവശ്യം ഉന്നയിച്ച് സമീപിച്ചത്. ഇവരുടെ അപേക്ഷ പരിഗണിച്ച കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചു. ഇരുവർക്കും പൊലീസ് സംരക്ഷണം ഉണ്ടെന്നായിരുന്നു സർക്കാരിന്റെ മറുപടി. തുടർന്ന് എന്തിനാണ് ഇവർ കൂടുതൽ സുരക്ഷ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ഇതേ തുടർന്ന് തങ്ങൾക്ക് ജീവന് ഭീഷണി ഉണ്ടെന്ന് ഇവർ കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കോടതി ഇവർക്ക് സംരക്ഷണം നൽകാൻ നിർദേശം നൽകിയത്. ഇതിനിടെ ഭരണഘടനാ ലംഘനം നടത്തിയ തന്ത്രിക്കെതിരായ നടപടി പക്ഷേ കോടതി പരിഗണിച്ചില്ല. സുരക്ഷെ ഒഴികെയുള്ള വിഷയങ്ങളിൽ അപേക്ഷ പുനപരിശോധനാ ഹർജിയ്‌ക്കൊപ്പം പരിഗണിച്ചേക്കും.
ശബരിമലയിൽ 51 യുവതികൾ പ്രവേശിച്ചതായി പേരും വിവരങ്ങളും അടക്കമാണ് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അന്ധ്ര തമിഴ്‌നാട് കേരള സ്വദേശികളുടെ പേരും വിവരവും അടക്കമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ട് പേജ് അടങ്ങുന്ന റിപ്പോർട്ടാണ് സുപ്രീം കോടതിയിൽ സർക്കാർ സമർപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ 51 യുവതികൾ കയറിയതായി നേരത്തെ തന്നെ തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടിരുന്നു. ഇതിനെ എതിർത്ത് വിശ്വാസികളുടെ അഭിഭാഷകൻ രംഗത്ത് എത്തി. എന്നാൽ, ഇത് കോടതിയുടെ വിഷയമല്ലെന്നും സു്പ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയി അറിയിച്ചു.
ഇതിനിടെ കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിലെ അംഗമായ ഇന്ദു മൽഹോത്രയുടെ മെഡിക്കൽ അവധി 18 വരെയുണ്ടായിരുന്നു. ഇത് നീട്ടിയിട്ടുണ്ടെന്നാണ് സൂചന ലഭിക്കുന്നത്.