മകരവിളക്കിന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കുന്നത് ഇനി ഒരു വൈക്കത്തുകാരൻ; വൈക്കത്തപ്പന്റെ പുണ്യവുമായി സരേഷ് പമ്പയിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ

വൈക്കം: മകരവിളക്കിന് പൊന്നമ്പലമേട്ടിൽ ഇനി മകരജ്യോതി തെളിയിക്കാൻ അടുത്ത വർഷം മലകയറുന്നത് വൈക്കത്തിന്റെ പുണ്യജ്യോതിസാവും. വൈക്കത്തപ്പന്റെ മണ്ണിൽ നിന്ന് ആദ്യമായി ശബരിമല പമ്പാക്ഷേത്രം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട തലയാഴം വരില്ലത്ത് മഠത്തിൽ സരേഷ് ആർ. പോറ്റിയാണ് ഇനി അടുത്ത വർഷം മകരജ്യോതിയ്ക്കു പൊന്നമ്പല മേട്ടീൽ ദീപം തെളിയിക്കുക.

2021 ൽ മകരവിളക്ക് ദിവസം പൊന്നമ്ബലമേട്ടിൽ മകരജ്യോതി തെളിയിക്കുവാനുള്ള അവസരവും സരേഷ് പോറ്റിക്ക് കൈവരും. ശബരിമല ശാസ്താവിന് ഏറ്റവുമധികം മേൽശാന്തിമാരെ സംഭാവന ചെയ്ത പുണ്യമുള്ള മണ്ണാണ് വൈക്കത്തിന്റേത്. ഇവിടെ നിന്നു തന്നെയാണ് ഇപ്പോൾ പമ്പയിലെ മേൽശാന്തിയെയും തിരഞ്ഞെടുത്തിരിക്കുന്നത്.

പമ്പാക്ഷേത്രം മേൽശാന്തിയായി 36 പേരുടെ അപേക്ഷകളാണ് ഉണ്ടായത്. അതിൽ നിന്ന് ഇന്റർവ്യൂ വഴി തെരഞ്ഞെടുക്കപ്പെട്ട ആറ് പേരിൽ നിന്നാണ് സരേഷ് ആർ. പോറ്റിയുടെ നിയോഗം. ശബരിമലയിൽ ഒരുവട്ടം കീഴ്ശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ്.

വരില്ലത്ത് മഠത്തിൽ രാമൻപോറ്റി – ഇന്ദിര അമ്മാൾ ദമ്പതികളുടെ മകനാണ്. ഭാര്യ; അനിത സരേഷ്. മക്കൾ; പൂർണശ്രീ, ഭാഗ്യശ്രീ, പൂർണേന്ദു.