ബിനീഷ് കൊടിയേരിയെ കുടുക്കിയ ബംഗളൂരു മയക്കുമരുന്നു കേസ്; നടി രാഗിണി ദ്വിവേദിയും കുരുക്കിൽ; നടിയുടെ ആത്മാർത്ഥ സുഹൃത്ത് അറസ്റ്റിൽ; അന്വേഷണം മലയാള സിനിമാ മേഖലയിലേയ്ക്കും; കേന്ദ്ര നർക്കോട്ടിക്ക് ബ്യൂറോ അന്വേഷിച്ചേയ്ക്കും

തേർഡ് ഐ ക്രൈം

കൊച്ചി: മുൻ ആഭ്യന്തരമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയെ കുടുക്കിലാക്കിയ ബംഗളൂരു മയക്കുമരുന്നു കേസിന്റെ അന്വേഷണം കേരളത്തിലേയ്ക്കും. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ അടക്കം സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ.

ഏറ്റവും ഒടുവിൽ പുറത്തു വന്ന വിവരം അനുസരിച്ചു ബംഗളൂരു മയക്കുമരുന്ന് കേസിൽ ക്രൈംബ്രാഞ്ച് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറാണ് അറസ്റ്റിലായത്. ഇയാൾക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ വ്യവസായിയും പൊലീസ് കസ്റ്റഡിയിലാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

കേസിൽ ഹാജരാകാൻ നടി രാഗിണി ദ്വിവേദി കൂടുതൽ സമയം ആവശ്യപ്പെട്ടതായും സൂചനയുണ്ട്. അതേസമയം മയക്കുമരുന്ന് കേസിൽ പ്രതികരണവുമായി കർണാടക ആഭ്യന്തരമന്ത്രി രംഗത്തെത്തി. ഡാർക്ക് വെബ് കേന്ദ്രീകരിച്ചുളള സംഘത്തെ പറ്റിയുളള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സംഘത്തിന്റെ സിനിമ രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മയക്കുമരുന്ന് കേസിലെ പ്രതി അനൂബ് മുഹമ്മദിന് ബിനീഷ് കോടിയേരി നേരിട്ട് പണം നൽകി സഹായിച്ചതായും ഫോൺവിളിച്ചതായും കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുളള ബന്ധം അനൂബിന് മൊഴിയിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം കേരളത്തിലേക്ക് പുരോഗമിക്കാനാണ് സാധ്യത. സംഭവത്തിൽ കേരള സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ബംഗളൂരുവിൽ നിന്നും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലെ സിനിമാ സെറ്റുകളിലേയ്ക്കു മയക്കുമരുന്ന് എത്തിക്കുന്നതിലെ പ്രധാന കണ്ണികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കേരളത്തിലേയ്ക്കും ഇത്തരത്തിൽ വൻ തോതിൽ മയക്കുമരുന്നു എത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന.