കൊവിഡ് കണക്കിൽ ഇന്ത്യയ്ക്കു മറ്റൊരു നാണക്കേട്..! പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യം ഒന്നാം സ്ഥാനത്ത്; ഒരു ദിവസം ഒരു ലക്ഷത്തിനടുത്ത് രോഗികൾ

തേർഡ് ഐ ബ്യൂറോ

ന്യഡൽഹി: ഒരു ദിവസം കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തുന്ന നാണക്കേടിന്റെ കണക്കുമായി രാജ്യം..! കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത് ആറു മാസം പൂർത്തിയാകും മുൻപ് തന്നെ ഇന്ത്യ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തേയ്ക്കു കുതിയ്ക്കുകയാണ്.

ലോകത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിലാണ് ഇന്ത്യ നാണക്കേടിന്റെ പുതിയ റെക്കോർഡ് തീർത്തത്. ലോകത്ത് ഇപ്പോൾ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 24 മണിക്കൂറിനിടെ 83,883 പുതിയ രോഗികൾ. 24 മണിക്കൂറിനിടെ 1043മരണം. രാജ്യത്തെ ആകെ മരണം 67,376 എത്തി. ആകെ രോഗികളുടെ എണ്ണം 38 ലക്ഷം കടന്നു.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള അമേരിക്കയെയും ബ്രസീലിനെയും മറകടികടന്നാണ് ഇന്ത്യ പ്രതിദിനരോഗികളിൽ ലോകത്ത് ഒന്നാമതെത്തിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. രാജ്യത്തെ രോഗികളിൽ 62 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. 29 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മുക്തി നേടിയത്.

എന്നാൽ, ഇതിനിടെ കോവിഡ് -19 കണ്ടെത്തുന്നതിനുള്ള പ്രതിദിന കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തിൽ ഇന്ത്യ മുന്നിലെന്ന് ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ 11,72,179 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇത് ഒരു റെക്കോർഡാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതോടെ രാജ്യത്ത് നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 4,55,09,380 ആയി ഉയർന്നു.

ലോകത്തിലെ ഏറ്റവും ഉയർന്ന കോവിഡ് ടെസ്റ്റ് നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അടിവരയിട്ടു പറഞ്ഞു. ഉയർന്ന ടെസ്റ്റിംഗ് നമ്ബറുകൾ പിന്നീട് പോസിറ്റീവ് നിരക്ക് കുറയ്ക്കുന്നതിന് കാരണമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അഭൂതപൂർവമായ കോവിഡ് പരിശോധനയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. 24 മണിക്കൂറിനുള്ളിൽ 11.7 ലക്ഷത്തിലധികം പരിശോധനകൾ നടത്തി,’ മന്ത്രാലയം അറിയിച്ചു.

ജനുവരി 30 ന് പ്രതിദിനം വെറും 10 ടെസ്റ്റുകൾ നടത്തുന്നതിൽ നിന്ന്, പ്രതിദിന ശരാശരി 11 ലക്ഷത്തിലധികം കടന്നതായി മന്ത്രാലയം വ്യക്തമാക്കുന്നു. ഇത് രാജ്യത്ത് ദിവസേനയുള്ള കോവിഡ് പരിശോധനയിൽ ഗണ്യമായ വർദ്ധനവാണ് കാണിക്കുന്നത്.

‘കോവിഡ് വ്യാപകമായ പ്രദേശങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത്തരം ഉയർന്ന തോതിലുള്ള പരിശോധന നേരത്തെയുള്ള രോഗനിർണയത്തിന് സഹായകമാകുന്നു. കൂടാതെ ക്വാറന്റൈനിൽ പോകാനും ചികിത്സ തേടാനും ഇത് സഹായിക്കുന്നു. മാത്രവുമല്ല മരണനിരക്ക് കുറയ്ക്കുന്നതിലേക്കും ഇത് നയിക്കുന്നു,’ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലെ കോവിഡ് മരണനിരക്ക് 1.75 ശതമാനമായി കുറഞ്ഞു, ദേശീയ രോഗമുക്തി നിരക്ക് 77.09 ശതമാനമായി ഉയർന്നു. രാജ്യത്ത് 8,15,538 സജീവമായ കോവിഡ് കേസുകളുണ്ട്. രാജ്യത്തുടനീളമുള്ള ടെസ്റ്റിംഗ് ലാബ് ശൃംഖലയിൽ ഒരുപോലെ വേഗത്തിലുള്ള വ്യാപനമാണ് ടെസ്റ്റിംഗിലെ കുതിപ്പ് സാധ്യമാക്കിയത്. രാജ്യത്ത് 1,623 ലാബുകളാണ് ഉള്ളത് സർക്കാർ മേഖലയിൽ 1,022 ലാബുകളും 601 സ്വകാര്യ ലാബുകളും.