video
play-sharp-fill
റോഡിലിരുന്നോ, ക്ലബിലിരുന്നോ നൂറു രൂപ വച്ച് ചീട്ടുകളിച്ചാൽ പൊലീസ് ഓടിച്ചിട്ടു പിടിക്കും: കോടികൾ ഓൺലൈനിലിട്ട് അമ്മാനമാടി ചീട്ടുകളിച്ചാൽ പൊലീസും തിരിഞ്ഞു നോക്കുന്നില്ല; ലക്ഷങ്ങൾ ചുരണ്ടിയെടുക്കുന്ന ചീട്ടുകളി മാഫിയ

റോഡിലിരുന്നോ, ക്ലബിലിരുന്നോ നൂറു രൂപ വച്ച് ചീട്ടുകളിച്ചാൽ പൊലീസ് ഓടിച്ചിട്ടു പിടിക്കും: കോടികൾ ഓൺലൈനിലിട്ട് അമ്മാനമാടി ചീട്ടുകളിച്ചാൽ പൊലീസും തിരിഞ്ഞു നോക്കുന്നില്ല; ലക്ഷങ്ങൾ ചുരണ്ടിയെടുക്കുന്ന ചീട്ടുകളി മാഫിയ

തേർഡ് ഐ ക്രൈം

കോട്ടയം: റോഡിലിരുന്നോ ക്ലബിലിരുന്നോ വീട്ടിലിരുന്നോ നൂറു രൂപ വച്ചു ചീട്ടുകളിയ്ക്കുന്ന പാവപ്പെട്ടവരെ ഓടിച്ചിട്ടു പിടിക്കുന്ന പൊലീസ് കോടികൾ മറിയുന്ന ഓൺലൈൻ റമ്മിയെ തൊടുന്നില്ല. സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോടികളാണ് ദിവസവും ഓൺലൈൻ റമ്മി കളത്തിൽ പൊടിയുന്നത്.

കാട്ടാക്കട കുറ്റിച്ചൽ വിനീഷ് ഭവനിൽ വി.എച്ച് വിനീത് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കടബാദ്ധ്യത കയറി ആത്മഹത്യ ചെയ്തതോടെയാണ് ഓൺലൈൻ റമ്മിയുടെ കെണി കേരളത്തിലറിഞ്ഞത്. ഓൺലൈൻ റമ്മി കളിച്ച് തമിഴ്‌നാട്ടിൽ മാത്രം കടം കയറി ജീവനൊടുക്കിയത് 17 പേരാണ് എന്ന വാർത്ത കൂടി പുറത്തു വരുമ്പോഴാണ് ഈ കണക്കുകൾ ഞെട്ടിക്കുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊയിലാണ്ടിക്കടുത്ത് ചേലിയയിൽ ബിജിഷയുടെ മരണത്തിന് കാരണം ഓൺലൈൻ റമ്മികളിയെന്ന് ക്രൈംബ്രാഞ്ച്. റമ്മി കളിയിലൂടെ 20 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ടെലികോം കമ്പനിയിൽ സ്റ്റോർ അസിസ്റ്റന്റായിരുന്ന ബിജിഷ കഴിഞ്ഞ ഡിസംബർ 12നാണ് ആത്മഹത്യ ചെയ്തത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇവർ രണ്ടു ബാങ്കുകളിലായി ഒന്നേകാൽ കോടിയുടെ ഇടപാടുകൾ നടത്തിയതായും വിവാഹത്തിനായി കരുതിയിരുന്ന 35 പവൻ ആഭരണങ്ങൾ പണയം വച്ചതായും കണ്ടെത്തി.

ഏഷ്യാനെറ്റ് ക്യാമറാമാന്റെ ആത്മഹത്യയ്ക്ക് പിന്നിലും റമ്മികളിയുടെ ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്നുവെന്ന് തെളിവുകൾ വ്യക്മതാക്കുന്നു. റമ്മികളിയെന്ന മരണക്കളിയിൽ ഐഎസ്ആർഒ ഉദ്യോ​ഗസ്ഥർ വരെയുണ്ടെന്നുള്ളതാണ് ഞെട്ടിക്കുന്ന കണക്കുകൾ.

പണം നഷ്ടമായവരുടെ കൂട്ടത്തിൽ കൂലിവേലക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെയുണ്ട്. വഞ്ചിയൂർ ട്രഷറിയിലെ അക്കൗണ്ടന്റ് ബിജുലാൽ ട്രഷറിയിൽ കൈയിട്ടുവാരിയ 2.70കോടി കൊണ്ടാണ് ചൂതാട്ടം നടത്തിയത്. ഇന്ത്യയിൽ തന്നെ പ്രവർത്തിക്കുന്ന കമ്പനികളാണ് ചൂതാട്ടത്തിനു പിന്നിൽ.

രാജ്യത്ത് നിയമം മൂലം ചൂതാട്ടം നിരോധിച്ചിരിക്കുകയാണ്. പണം വച്ചു ചീട്ടുകളിക്കുന്നത് രാജ്യത്ത് ക്രിമിനൽക്കുറ്റമാണ്. പിഴ ശിക്ഷ മുതൽ തടവ് വരെ ലഭിക്കാവുന്ന കുറ്റമാണ് ഇത്. എന്നാൽ, വീടിന്റെയും മൊബൈലിന്റെയും സുരക്ഷിതത്വത്തിൽ കഴിയുകയാണ് ഈ കള്ളപ്പണക്കാർ.

ഓൺലൈനിൽ റമ്മി കൾച്ചർ, റമ്മി സർക്കിൾ, ജംഗിൾ റമ്മി, റമ്മി ഗുരു, എയ്സ് റമ്മി, റമ്മി പാഷൻ, സിൽക്ക് റമ്മി എന്നീ ആപ്പുകൾക്കാണ് പ്രചാരമേറെ. സിനിമാ-ക്രിക്കറ്റ് താരങ്ങൾ അഭിനയിക്കുന്ന പരസ്യങ്ങളുമുണ്ട്. ആപ്പുകളിൽ ലഭിക്കുന്ന 13കാർഡുകളുപയോഗിച്ചാണ് കളി. നൂറും അഞ്ഞൂറുമൊക്കെ വച്ചുള്ള കളിയിൽ ജയിക്കുകയും ഇരട്ടിത്തുക കിട്ടുകയും ചെയ്യും.

ഇ-വാലറ്റുകളിൽ കൂടുതൽ പണം നിക്ഷേപിച്ച് കളിക്കുമ്പോഴാണ് തനിനിറം കാണുക. വാലറ്റ് കാലിയാക്കും. പണം ബോണസായി നൽകി കളിതുടരാൻ പ്രേരിപ്പിക്കും. വലിയതുകയ്ക്ക് കളിക്കുമ്പോൾ കാർഡുകൾ നൽകാതിരിക്കുകയും തിരിമറി കാട്ടുകയും ചെയ്യും. 30ദശലക്ഷം പേർ ഒരുസമയം റമ്മികളിക്കുന്നതായാണ് കമ്പനികളുടെ അവകാശവാദം.

1960ലെ ഗെയിമിംഗ് ആക്ട് പ്രകാരം പണംവച്ചുള്ള വാതുവയ്പ്പും കളികളും നിരോധിച്ചിട്ടുണ്ട്. ഇതിന്റെ പരിധിയിൽ കഴിവും ബുദ്ധിയും വൈദഗ്ദ്ധ്യവും ആവശ്യമായ ഗെയിമുകൾ വരില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്. വൈദഗ്ദ്ധ്യമുള്ള കളികളുടെ ഗണത്തിലാണ് റമ്മികളി. അതിനാൽ ഓൺലൈൻ ചൂതാട്ടത്തിൽ കേസിന് വകുപ്പില്ലെന്നാണ് പൊലീസ് നിലപാട്. കമ്പനികൾ നിയമാവലിയിൽ പണമീടാക്കുമെന്ന് പറഞ്ഞിട്ടില്ല. ഇ-വാലറ്റിൽ പണം വേണമെന്ന നിബന്ധന മാത്രം.

ഓരോ പരാതിയും പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശമുണ്ടെങ്കിലും പൊലീസ് കാഴ്ചക്കാരുടെ റോളിലാണ്. നിലവിൽ തമിഴ്‌നാട്,അസം,തെലങ്കാന, ഒഡിഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ ഓൺലൈൻ ഗെയിമുകൾ നിരോധിച്ചിട്ടുണ്ട്. രണ്ടുവർഷം തടവാണ് ശിക്ഷ.

ഗെയിമിന്റെ വാലറ്റിലേക്ക് പണം ട്രാൻസ്ഫർ ചെയ്താണ് റമ്മികളി. 200നും 500നും കളിച്ചു ജയിക്കുമ്പോൾ ഹരംകയറി 5000ലേക്കും 10,000ലേക്കും മാറും. പണം നഷ്ടമാവുമ്പോൾ അഞ്ഞൂറും ആയിരവും ബോണസായി നൽകി കളിതുടരാൻ പ്രേരിപ്പിക്കും. കടംവാങ്ങിയും വിറ്റുപെറുക്കിയും ലക്ഷങ്ങളിറക്കി കടക്കെണിയിലാവും.

ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സിനിമ മേഖലയില്‍ ഉള്ളവര്‍ പിന്മാറണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ കഴിഞ്ഞദിവസം നിയമസഭയിൽ ആവശ്യം ഉന്നയിച്ചിരുന്നു. നടനും സംവിധായനുമായ ലാല്‍, ഗായകരായ വിജയ് യേശുദാസ്, റിമി ടോമി തുടങ്ങിയവര്‍ക്കെതിരെയാണ് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാടസ്ആപ്പ് എന്നിവിടങ്ങളില്‍ കൂടുതല്‍ വിമര്‍ശനമുള്ളത്. ഇതിൽ ലാൽ മാപ്പ് പറഞ്ഞ് രം​ഗത്തെത്തിയിരുന്നു.