സഹോദരിമാരുടെ കൺമുന്നിലിട്ട് എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവം: പിന്നിൽ ശിവജിവോയിസ് തന്നെയെന്നുറപ്പിച്ച് പൊലീസ്; കൊലക്കത്തിയുമായി നടന്ന മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

സഹോദരിമാരുടെ കൺമുന്നിലിട്ട് എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവം: പിന്നിൽ ശിവജിവോയിസ് തന്നെയെന്നുറപ്പിച്ച് പൊലീസ്; കൊലക്കത്തിയുമായി നടന്ന മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

Spread the love

തേർഡ് ഐ ക്രൈം

കണ്ണൂർ: സഹോദരിമാരുടെ കൺമുന്നിലിട്ട് എ.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആസൂത്രിതമായ നീക്കങ്ങൾ നടന്നിരുന്നതായി പൊലീസ്. കൊലപാതകത്തിനു പിന്നിൽ ശിവജിവോയിസ് തന്നെയാണ് എന്നു പൊലീസ് ഉറപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ പകപോക്കൽ തന്നെയെന്ന സൂചനയാണ് ലഭിക്കുന്നത്. കണ്ണൂർ ചിറ്റാരിപ്പറമ്പിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് ആർഎസ്എസ്. പ്രവർത്തകരെ തലശ്ശേരി ഡിവൈ.എസ്പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതുകൊണ്ട് തന്നെ രാഷ്ട്രീയവും വ്യക്തമാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനന്തേരി പൂവത്തിൻകീഴിൽ അമൽരാജ് (22), ചുണ്ട ആഷിൻ നിവാസിൽ ആഷിക് ലാൽ (25), ധന്യ നിവാസിൽ പി.കെ. പ്രിബിൻ (22) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ ചുണ്ടയിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കൊലയിൽ ഇവർ നേരിട്ട് പങ്കെടുത്തോ എന്ന് വ്യക്തമല്ല. കുറ്റകൃത്യത്തിൽ കൂടുതൽപേർ പങ്കെടുത്തിട്ടുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞുവെന്നും പൊലീസ് അറിയിച്ചു.

കോളയാട് ചോലയിലെ നിന്ന് സെപ്റ്റംബർ രണ്ടിന് റെന്റ് എ കാർ വ്യവസ്ഥയിൽ അഭി എന്ന് വിളിക്കുന്ന അമലും മറ്റൊരാളും ചേർന്നാണ് കാർ എടുത്തത്. അമലിന്റെ ആധാർ കാർഡ് അടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇതാണ് കേസിൽ നിർണ്ണായകമായത്. സലാഹുദ്ദീന്റെ കാറിൽ ഇടിച്ച് മനപ്പൂർവം അപകടം വരുത്തിയ ബൈക്ക് യാത്രികനെയും സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞു. സലാഹുദ്ദീനൊപ്പമുണ്ടായിരുന്ന സഹോദരി റായിദയുടെ മൊഴിയും സിസിടിവിയെ ശരിവയ്ക്കുന്നു. ഇതോടെ അന്വേഷണ ശരിയായ ദിശയിലാണെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. കേസിലെ ഗൂഢാലോചനയും അന്വേഷണ വിധേയമാക്കും.

കൊലപാതകത്തിനായി കാർ വാടകയ്ക്കെടുത്തത് റെന്റ് എ കാർ വ്യവസ്ഥയിൽ കോളയാട് ചോലയിലെ സജേഷിൽ നിന്നായിരുന്നു. സെപ്റ്റംബർ രണ്ടിന് ഉച്ചയോടെ കണ്ണവത്തിനടുത്ത ചുണ്ടയിൽനിന്നെന്ന് പറഞ്ഞ് രണ്ടു പേർ ഇദ്ദേഹത്തെ സമീപിക്കുകയായിരുന്നു. പെണ്ണുകാണൽ ചടങ്ങിന് രണ്ടോ മൂന്നോ ദിവസത്തേക്ക് വേണമെന്നാണ് പറഞ്ഞത്. ദിവസം 1200 രൂപയാണ് വാടക നിശ്ചയിച്ചത്. ആധാർ കാർഡും മറ്റ് രേഖകളും അഡ്വാൻസ് ആയി കുറച്ച് പണവും വാങ്ങിയ ശേഷം കാർ കൊടുത്തു. അമൽ ആണ് രേഖകളുടെ കോപ്പി നൽകി കാർ കൊണ്ടുപോയത്. ഇരുവരും മാസ്‌ക് ധരിച്ചിരുന്നുയ അതുകൊണ്ട് തന്നെ മുഖം വ്യക്തമായിരുന്നില്ല. ആധാർ കാർഡിൽ ഫോട്ടോയുണ്ടെങ്കിലും വ്യക്തതക്കുറവുണ്ടായിരുന്നു. മൂന്നോ നാലോ ദിവസത്തിനകം കാർ തിരികെത്തരുമെന്നാണ് പറഞ്ഞത്. കിട്ടാതിരുന്നപ്പോൾ വിളിച്ചു. രണ്ടുദിവസത്തിനകം തരാം എന്നാണ് പറഞ്ഞത്. ഇങ്ങനെ പറഞ്ഞ് രണ്ടു മൂന്നു തവണ നീട്ടിക്കൊണ്ടുപോയിയെന്നും സജേഷ് പൊലീസിനോട് പറഞ്ഞു.

ബെംഗളൂരുവിൽ ബിസിനസ് നടത്തിയിരുന്ന സജേഷ് അഞ്ചാറു വർഷം മുമ്പ് അത് അവസാനിപ്പിച്ച് നാട്ടിൽ പലചരക്കുകട തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് അനൗപചാരികമായി റെന്റ് എ കാർ പരിപാടി തുടങ്ങിയത്. നമ്പൂതിരിക്കുന്ന് അമ്മാറമ്പ് കോളനി റോഡിൽ റബ്ബർതോട്ടത്തിന് സമീപം വിജനസ്ഥലത്തുനിന്നാണ് കാർ കണ്ടെടുത്തത്.ഇതാണ് കേസിൽ നിർണ്ണായക തുമ്പുണ്ടാക്കിയത്. ഇതോടെയാണ് ആർ എസ് എസുകാരുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയത്. വിരലടയാള-ഫോറൻസിക് വിദഗ്ദ്ധർ ഇത് വിശദമായി പരിശോധിച്ചു. അതേസമയം, രണ്ടാം തീയതിതന്നെ കാർ വാടകയ്ക്കെടുക്കുകയും എട്ടാം തീയതി കൃത്യം നടത്തുകയും ചെയ്തത് ഗൂഢാലോചനയുടെ ആഴം വെളിവാക്കുന്നു. സലാഹുദ്ദീൻ നിരന്തര നിരീക്ഷണത്തിലായിരുന്നുവെന്നും പ്രതികൾ തക്കംപാർത്തിരിക്കുകയായിരുന്നുവെന്നും പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു.

മുഖ്യമായും അഞ്ചോ ആറോ പേരാണ് കൊലപാതകത്തിൽ പങ്കെടുത്തതെന്ന് പൊലീസ് കരുതുന്നു. ബൈക്കിൽ വന്ന് കാറിനിടിച്ച ആളെ കൂടാതെ നാലോ അഞ്ചോ പേർ ആക്രമണസംഘത്തിൽ ഉൾപ്പെട്ടിരുന്നു. ഒരാൾ സലാഹുദ്ദീന്റെ കാലിനും മറ്റൊരാൾ കൈയ്ക്കും പിടിച്ചുവെച്ചുവെന്നും മറ്റ് രണ്ടുപേർ ചേർന്ന് വെട്ടിയെന്നും സലാഹുദ്ദീന്റെ സഹോദരി റായിദ പൊലീസിന് മൊഴി നൽകിയിരുന്നു. കൂത്തുപറമ്ബിൽനിന്ന് കൊലപാതകം നടന്ന കൈച്ചേരി വളവ് എത്തുന്നതിന് തൊട്ടുമുമ്പുള്ള പൂവത്തിൻകുഴിയിൽ സ്ഥാപിച്ച സി.സി.ടി.വി.യിൽനിന്നാണ് ബൈക്ക് യാത്രികനെ മനസ്സിലാക്കിയത്. നീലഷർട്ടും കാവിമുണ്ടും ധരിച്ചിരുന്ന ഇയാൾ ഹെൽമെറ്റും വെച്ചിരുന്നു. ബൈക്ക് കാറിൽ ഇടിച്ചപ്പോൾ ഹെൽമറ്റ് തെറിച്ചുപോയി. നിലത്തുവീണ ഇയാളുടെ മുഖം റായിദ കണ്ടിരുന്നു.

സി.സി.ടി.വി. ദൃശ്യവും റായിദയുടെ മൊഴിയും ചേർത്ത് നടത്തിയ പരിശോധനയിൽ പൊലീസിന് നേരത്തെ പരിചയമുള്ളയാളാണിതെന്ന് വ്യക്തമായി. അപകടത്തിൽ ഇയാളുടെ കാലിന് ചെറിയ പരിക്കേറ്റതായി സംശയിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സഹോദരങ്ങൾക്കൊപ്പം സ്വന്തം കാറിൽ കണ്ണവത്തെ വീട്ടിൽനിന്ന് സലാഹുദ്ദീൻ സാധനങ്ങൾ വാങ്ങാനായി കൂത്തുപറമ്പിലേക്ക് പോയത് മനസ്സിലാക്കിയായിരുന്നു ആക്രമണം. തിരിച്ചു വരുമെന്ന് മനസ്സിലാക്കി കാത്ത് നിന്ന് കൊലപ്പെടുത്തകയായിരുന്നു. ഇതിന് വേണ്ടി വ്യക്തമായ തിരക്കഥയും തയ്യാറാക്കി. മൂന്ന് മണിക്കൂറു കൊണ്ട് എല്ലാ പദ്ധതിയും ആസൂത്രണം ചെയ്തു. സഹോദരങ്ങൾക്കൊപ്പം സലാഹുദീൻ തിരികെ സംഭവം നടന്ന സ്ഥലത്തെത്തിയത് 3.40-ഓടെ ആയിരുനനു.

എ.ബി.വി.പി. പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന നിലയ്ക്ക് സലാഹുദ്ദീന് നേരത്തേ ഭീഷണിയുണ്ടായിരുന്നു. ചിറ്റാരിപ്പറമ്പിനും കണ്ണവത്തിനും മധ്യേയാണ് കൊലപാതകം നടന്ന കൈച്ചേരിവളവ്. ഇവിടെനിന്ന് രണ്ടര കിലോമീറ്റർ ദൂരമേ സലാഹുദ്ദീന്റെ വീട്ടിലേക്കുണ്ടായിരുന്നുള്ളൂ. കൂത്തുപറമ്പ്-നെടുമ്പൊയിൽ റോഡ് തിരക്കുള്ള പ്രധാന പാതയാണെങ്കിലും കൊലനടന്ന സ്ഥലം പൊതുവേ വിജനമാണ്. ഈ പ്രത്യേകത മനസ്സിലാക്കിയാണ് ഇവിടെ കൊലപാതകത്തിനായി തെരഞ്ഞെടുത്തത്. ഏതാണ്ട് എൽ ആകൃതിയിലുള്ള വളവിൽ രക്ഷകരായി ആരും എത്തില്ലെന്ന് അക്രമികൾ തിരിച്ചറിഞ്ഞു.

ഈ സ്ഥലത്തിന്റെ ഒരുവശം കുന്നാണെങ്കിൽ മറുവശത്ത് കാടും രണ്ടോ മൂന്നോ വീടുകളുമേ ഉള്ളൂ. ബൈക്ക് കാറിലിടിച്ചതിനെത്തുടർന്നുള്ള ശബ്ദം കേട്ട് സമീപത്തെ കുറച്ചുപേർ വന്നു. എന്നാൽ പ്രശ്‌നം ഞങ്ങൾ തമ്മിൽ പറഞ്ഞുതീർത്തുകൊള്ളാമെന്ന് പറഞ്ഞ് ഇവരെ പറഞ്ഞയച്ചു. അതിന് ശേഷമായിരുന്നു കൊല. ബൈക്കിലെത്തിയ രണ്ടുപേർക്കുപുറമെ റോഡരികിൽ ആയുധങ്ങളുമായി ഏതാനും പേർ ഒളിഞ്ഞിരുന്നു. ഇവരെല്ലാം ചേർന്നാണ് കൊലപാതകം നടത്തിയത്. സംഘത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് തിട്ടപ്പെടുത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന് സഹോദരങ്ങൾ തന്നെ ദൃക്‌സാക്ഷികളായുള്ളത് അന്വേഷണത്തിന് ഏറെ സഹായമാകുമെന്നാണ് പൊലീസ് വിലയിരുത്തൽ.

കൂത്തുപറമ്പിൽനിന്ന് സഹോദരിമാരായ റായിദ, ലത്തീഫിയ, സഹോദരൻ ഫസലുദ്ദീൻ എന്നിവർക്കൊപ്പം കാറോടിച്ചുവരുമ്പോൾ കണ്ണവത്തിനടുത്ത കൈച്ചേരിവളവിൽവെച്ച് പിന്നിൽനിന്നുവന്ന ബൈക്ക് കാറിലിടിക്കുകയും ബൈക്കിലുള്ളവരുമായി തർക്കമുണ്ടാവുകയുമായിരുന്നു. തുടർന്ന് വാഹനത്തിന്റെ താക്കോൽ മറ്റൊരു സംഘം ഊരിയെടുക്കുകയും സലാഹുദ്ദീനെ വലിച്ച് പുറത്തിട്ട് വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് റായിദയ്ക്ക് പരിക്കേറ്റത്. ലത്തീഫിയ ബോധരഹിതയായിരുന്നു. തലയുടെ ഇരുഭാഗത്തും മാരകമായി വെട്ടേറ്റ സലാഹുദ്ദീൻ വീണു.

കണ്ണവത്തുനിന്ന് ആംബുലൻസെത്തി റായിദയ്‌ക്കൊപ്പം തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും സലാഹുദ്ദീൻ മരിച്ചിരുന്നു. നിസാമുദ്ദീൻ എന്ന സഹോദരൻ കൂടിയുണ്ട്. കണ്ണവത്ത് പിതാവ് നടത്തിയിരുന്ന സ്‌കൂളിന്റെ ഡ്രൈവറായി കുറച്ചുകാലം ജോലിനോക്കിയിരുന്നു സലാഹുദ്ദീൻ. നജീബയാണ് ഭാര്യ. മക്കൾ: അസ്വ സലാം (നാല്), ഹാദിയ (രണ്ട്). ശ്യാമപ്രസാദിനെ 2018 ജനുവരി 19-ന് കൊമ്മേരിയിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. പിന്നീട് സലാഹുദ്ദീൻ കോടതിയിൽ കീഴടങ്ങുകയായിരുന്നു.