
തിരുവനന്തപുരം: സ്കൂളില്‍ നിന്ന് ലാപ്ടോപ്പും ക്യാമറകളും മോഷ്ടിച്ച് കടന്ന പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. ഷൈജു (30) എന്ന ഹെല്‍മെറ്റ് ഷൈജു ആണ് അറസ്റ്റിലായത്.
പാറശാല ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ കഴിഞ്ഞ മാസം 20-നാണ് മോഷണം നടന്നത്. ഓഫീസ് കുത്തിത്തുറന്ന് അഞ്ച് ലാപ്ടോപ്, രണ്ട് ഡിജിറ്റല്‍ കാമറ, ഒരു വെബ്കാമറ എന്നിവയാണ് അപഹരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നു.
ഇതിനിടെ മോഷണം നടത്തിയ രണ്ട് ലാപ്ടോപ് ഒരാഴ്ചക്കുമുമ്പ് സ്കൂള്‍ വളപ്പിലെ നിർമാണം നടക്കുന്ന മന്ദിരത്തിന് സമീപം ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. പിടിക്കപ്പെടുമെന്നായതോടെ ഇയാള്‍ ഉപേക്ഷിച്ചതായിരുന്നു ഇത്. പിന്നാലെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. 2023ല്‍ രാത്രികാലങ്ങളില്‍ വീടുകളില്‍നിന്ന് ഹെല്‍മറ്റുകള്‍ അപഹരിച്ചുകൊണ്ടാണ് ഇയാള്‍ മോഷണം ആരംഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്യാകുമാരിയില്‍ കഴിയവേ എസ്എച്ച്ഒ സുനുകുമാർ, എസ്ഐ വിഷ്ണു, സിപിഒമാരായ അനില്‍കുമാർ, സാജൻ, അഭിലാഷ്, ഷാജൻ, ശശി നാരായണൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.







